മുരുകന്‍റെ മരണം; ഡോക്ടര്‍മാര്‍ക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്

By Web DeskFirst Published Mar 4, 2018, 11:18 PM IST
Highlights
  • ചികില്‍സ തേടിയതിന്‍റെ രേഖകളിലില്ലാത്തത് വീഴ്ച
  • മരുകന്‍ മസ്തിഷ്‌ക മരണം സംഭവിച്ച അവസ്ഥയിലായിരുന്നു
  • മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിച്ചത് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശി മുരുകന് ചികിത്സ നല്‍കുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് പിഴവ് പറ്റിയിട്ടില്ലെന്നു മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് . രക്ഷിക്കാന്‍ കഴിയുമായിരുന്ന അവസ്ഥയില്‍ അല്ല മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ചികില്‍സ തേടിയതിന്‍റെ രേഖകളിലില്ലാത്തത് വീഴ്ച ആണെന്നും റിപ്പോര്‍ട്ടിലുണ്ട്. ചികിത്സ കിട്ടാതെയാണോ മുരുകന്‍ മരിച്ചതെന്ന് കണ്ടെത്താന്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം ആരോഗ്യവകുപ്പാണ് മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിച്ചത്.

തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമതാ പരിശോധനയുടെ അടിസ്ഥാനത്തില്‍ മരുകന്‍ മസ്തിഷ്‌ക മരണം സംഭവിച്ച അവസ്ഥയിലായിരുന്നു. പരിശോധനയില്‍ ഏറ്റവും കുറഞ്ഞ സ്‌കോര്‍ ആയിരുന്നു മുരുകന് ഉണ്ടായിരുന്നത് . കൃഷ്ണമണികളുടെ ചലനം നിലച്ചിരുന്നു . ഈ അവസ്ഥയിലായിരുന്നു മുരുകനെ മെഡിക്കല്‍ കോളജ് ആശുപത്രിയലെത്തിച്ചത് എന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍. 

അതേസമയം ചികില്‍സ തേടി എത്തിയത് ആശുപത്രി രേഖകളിലാക്കാതെ പോയത് ഡ്യൂട്ടി ഡോക്ടര്‍മാര്‍ക്ക് സംഭവിച്ച വീഴ്ച തന്നെയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. മുരുകനെ എത്തിച്ച സ്വകാര്യ ആശുപത്രികളില്‍ ന്യൂറോ സര്‍ജനില്ലാതിരുന്നതും വെന്റിലേറ്ററിന്റെ അഭാവവും ആണ് ചികില്‍സ നല്‍കാന്‍ തടസമായതെന്നും ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍ക്കാര്‍ മേഖലയില്‍ ട്രോമാകെയര്‍ സംവിധാനം മെച്ചപ്പെടുത്തണം. വിവിധ തലങ്ങളില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കണം. അടിയന്തര ചികില്‍സ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ രൂപീകരിക്കണം എന്നീ നിര്‍ദേശങ്ങളും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. കോട്ടയം മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജന്‍ ഡോ.പി.കെ.ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി .
 

click me!