മെഡിക്കല്‍ കോഴ: ഭരണഘാടന ബഞ്ചിന് വിട്ട ഉത്തരവ് റദ്ദാക്കി; സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍

Published : Nov 10, 2017, 04:35 PM ISTUpdated : Oct 05, 2018, 01:39 AM IST
മെഡിക്കല്‍ കോഴ: ഭരണഘാടന ബഞ്ചിന് വിട്ട ഉത്തരവ് റദ്ദാക്കി; സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍

Synopsis

മെഡിക്കൽ അഴിമതികേസുകൾ ഭരണഘടന ബെഞ്ചിന് വിട്ട സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്‍റെ ഉത്തരവുകൾ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ച് അസാധാരണ നടപടിയിലൂടെ റദ്ദാക്കി. ജസ്റ്റിസ് ജെ. ചലമേശ്വരന്‍റെയും ജസ്റ്റിസ് എ.കെ.സിക്രിയുടെയും നേതൃത്വത്തിലുള്ള ബെഞ്ചുകൾ ഇട്ട ഉത്തരവാണ് മണിക്കൂറുകൾക്കകം ചീഫ് ജസ്റ്റിസ് റദ്ദാക്കിയത്. അഴിമതിയിൽ ചീഫ് ജസ്റ്റിസിന് എതിരെ ആരോപണമുണ്ടെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ പറഞ്ഞത് കോടതിയിൽ നാടകീയ രംഗങ്ങൾക്ക് ഇടയാക്കി.
 
ദില്ലി: മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകുന്നതിലെ അഴിമതിയിൽ സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ ഉയരുന്ന ആരോപണത്തെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകയായ കാമിനി ജയ്സ്വാൾ നൽകിയ ഹര്‍ജി പരിഗണിക്കാൻ ജസ്റ്റിസ് ജെ.ചലമേശ്വര്‍ അദ്ധ്യക്ഷനായ ബെഞ്ച് ഇന്നലെ അഞ്ചംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചിരുന്നു. ഇതേകേസിൽ എസ്.ഐ.ടി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷൻ നൽകിയ ഹര്‍ജി ഇന്ന് രാവിലെ ജസ്റ്റിസ് എ.കെ.സിക്രി അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ചും ഭരണഘടന ബെഞ്ചിലേക്ക് വിട്ടു.

സുപ്രീംകോടതി ചട്ടങ്ങൾക്ക് മറികടന്ന് രണ്ട് വ്യത്യസ്ഥ കോടതികൾ ഒരേ കേസ് അഞ്ചംഗ ഭരണഘടന ബെഞ്ചിലേക്ക് വിട്ട ഉത്തരവുകൾ പരിശോധിക്കാൻ ഇന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രാവിലെ അടിയന്തിരമായി ഏഴംഗ ബെഞ്ച് രൂപീകരിക്കുകയായിരുന്നു.  ഉച്ചക്ക് മൂന്നുമണിക്ക് ഈ ഉത്തരവുകൾ പരിഗണിക്കാൻ തീരുമാനിക്കുകയും ചെയ്തു. മൂന്ന് മണിക്ക് തൊട്ടുമുമ്പ് ചീഫ് ജസ്റ്റിസ് രൂപീകരിച്ച ബെഞ്ചിൽ നിന്ന് ജസ്റ്റിസുമായ അശോക് ഭൂഷൻ, എ.കെ.സിക്രി എന്നിവര്‍ പിന്മാറി.

തുടര്‍ന്ന് അഞ്ചംഗ ബെഞ്ച് കേസ് പരിഗണിച്ചപ്പോൾ അത്യന്തം നാടകീയവും അസാധാരണവുമായ നടപടികൾക്കാണ് ഒന്നാം നമ്പര്‍ കോടതി സാക്ഷ്യം വഹിച്ചത്. മെഡിക്കൽ കോഴ എഫ്.ഐ.ആറിൽ ചീഫ് ജസ്റ്റിസിനെതിരെ പരാമര്‍ശമുണ്ടെന്നും അതിനാൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേസിൽ നിന്ന് പിന്മാറണമെന്നും അഭിഭാഷകനായ പ്രശാന്ത് ഭൂഷൻ രോഷാകുലനായി ആവശ്യപ്പെട്ടു. ബാര്‍ അസോസിയേഷൻ അംഗങ്ങൾ ഭൂഷനെ എതിര്‍ത്ത് രംഗത്തുവന്നു. പ്രശാന്ത് ഭൂഷന്‍റെ നടപടി കോടതി അലക്ഷ്യമാണെന്ന് ഇതോടെ ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.

തനിക്കെതിരെ എഫ്.ഐ.ആറിൽ പരാമര്‍ശമില്ലെന്ന് ചീഫ് ജസ്റ്റിസ് വിശദീകരിക്കുകയും ചെയ്തു. തുടര്‍ന്ന് തന്‍റെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കുമെങ്കിൽ അത് നോക്കാമെന്ന് വെല്ലുവിളിച്ച് പ്രശാന്ത് ഭൂഷൻ കോടതിയിൽ നിന്ന് ഇറങ്ങിപ്പോയി. അഭിഭാഷകര്‍ തമ്മിൽ കോടതി മുറിയിൽ ഇതോടെ ബഹളമായി. പ്രശാന്ത് ഭൂഷന്‍റെ നടപടിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ കോടതി രണ്ടംഗ ബെഞ്ചുകളുടെ രണ്ട് ഉത്തരവുകൾ അസാധുവാക്കി. ഭരണഘടന ബെഞ്ച് രൂപീകരിക്കാനുള്ള അധികാരം ചീഫ് ജസ്റ്റിസിന് മാത്രമാണെന്നും ഇപ്പോഴുണ്ടായ രീതികൾ സംവിധാനത്തെ തകര്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി. സമാന ഉത്തരവുകൾ വിലക്കിയ അഞ്ചംഗ ബെഞ്ച് കേസുകൾ ഏത് ബെഞ്ചിന്‍റെ പരിഗണനക്ക് അയക്കണം എന്നത് ചീഫ് ജസ്റ്റിസിന്‍റെ അധികാരപരിധിയിൽ പെടുന്നതാണെന്നും ഉത്തരവിട്ടു.

 

 
 

PREV
click me!

Recommended Stories

പർവതാരോഹണത്തിനിടെ കാലാവസ്ഥ മോശമായി, കാമുകിയെ വഴിയിൽ ഉപേക്ഷിച്ച് കാമുകൻ, തണുത്ത് വിറച്ച് യുവതിക്ക് ദാരുണാന്ത്യം
ടേക്ക് ഓഫിനൊരുങ്ങി എയർ ബസ് വിമാനം, സെക്കൻഡുകൾക്കുള്ളിൽ പുകയിലും തീയിലും മുങ്ങി വിമാനം, ക്യാബിനിൽ 169 യാത്രക്കാർ