
തിരുവനന്തപുരം: മെഡിക്കല്‍ കോഴയിലെ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്ന വിചിത്ര വാദവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. പ്രാഥമിക റിപ്പോര്‍ട്ടിനെ കുറിച്ച് ഓഫീസ് സെക്രട്ടറി പറഞ്ഞ അറിവ് മാത്രമേയുള്ളൂവെന്നും കുമ്മനം വിജിലന്‍സിന് മൊഴി നല്‍കി.
വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജിന് അംഗീകാരം വാങ്ങാനായി പാര്‍ട്ടി നേതാക്കളുള്‍പ്പെടെ കോഴ ഇടപാട് നടത്തിയെന്ന ബിജെപിയുടെ രണ്ടംഗ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുമ്മനത്തിന്റെ മൊഴി വിജിലന്‍സ് ഇന്ന് രേഖപ്പെടുത്തിയത്.
എന്നാല്‍ പാര്‍ട്ടിയെ ഉലച്ച കോഴക്കാര്യത്തില്‍ സംസ്ഥാന അധ്യക്ഷന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ മലക്കം മറിയുകയായിരുന്നു.കോഴ ഇടപാട് നടന്നുവെന്ന അന്വേഷണ റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചിട്ടില്ല. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ രണ്ടംഗ സമിതിയോട് അന്വേഷണം നടത്താന്‍ പറഞ്ഞു. പ്രാഥമിക റിപ്പോര്‍ട്ട് വന്നകാര്യം ഓഫീസ് സെക്രട്ടറി പറഞ്ഞുള്ള അറിവ് മാത്രയുള്ളൂ, നേരിട്ട് കണ്ടില്ലെന്നായിരുന്നു കുമ്മനത്തിന്റെ മൊഴി. പാര്‍ട്ടി വക്തവായിരുന്ന വി.വി.രാജഷിനെതിരായ നടപടി സംഘടന വിരുദ്ധ പ്രവര്‍ത്തനത്തിനാണെന്നും കുമ്മനം പറഞ്ഞു.
എന്നാല്‍ കുമ്മനത്തിന്റെ വാദങ്ങള്‍ ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ തള്ളി. കോഴ ആരോപണത്തില്‍ നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് എ.എന്‍.രാധാകൃഷ്ണന്‍ വ്യക്തമാക്കി. അതിനിടെ, വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ചത് 25ലക്ഷം കണ്‍സള്‍ട്ടന്‍സി ഫീസ് മാത്രമാണെന്ന് കോഴ വിവാദത്തിലെ ഇടനിലക്കാരനായ സതീഷ് നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 25 ലക്ഷം രൂപ മാത്രമാണ് താന്‍ വാങ്ങിയത്. അഞ്ച് കോടി 60 ലക്ഷം രൂപയുടെ ഇടപാടിനെക്കുറിച്ച് അറിയില്ല. 24 ന് വിജിലന്‍സിന് മുമ്പാകെ ഹാജരാകുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സതീഷ് നായര്‍ ദില്ലിയില്‍ ഏഷ്യാനറ്റ് ന്യൂസിനോട് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam