സ്വാശ്രയ മെഡിക്കൽ ഫീസ് പുതുക്കി

By Web DeskFirst Published Jul 14, 2017, 11:04 AM IST
Highlights

തിരുവനന്തപുരം:സ്വാശ്രയ കോളജുകളിലെ എംബിബിഎസ്, ബിഡിഎസ് ഫീസ് ജസ്റ്റിസ് ആർ.രാജേന്ദ്രബാബു സമിതി പുതുക്കി നിശ്ചയിച്ചു. മെഡിക്കൽ ഫീസ് 50,000 രൂപ കുറച്ചു. എംബിബിഎസ് ജനറൽ സീറ്റിൽ ഫീസ് 5 ലക്ഷമാക്കി.എൻആർഐ സീറ്റുകളിൽ 20 ലക്ഷമായിരിക്കും ഫീസ്. ബിഡിഎസ് ഫീസ് കൂട്ടിയിട്ടുണ്ട്. ജനറല്‍ ബിഡിഎസിന് ഫീസ് 2.9 ലക്ഷമാക്കി. ബിഡിഎസിന് എന്‍ആര്‍ഐ സീറ്റില്‍ 6 ലക്ഷമായിരിക്കും ഫീസ്.

പുതുക്കി നിശ്ചയിച്ച ഫീസ് ഹൈക്കോടതിയെ അറിയിച്ച ശേഷം ഇന്നു വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. എംബിബിഎസിന് 85% സീറ്റിൽ 5.5 ലക്ഷം രൂപയും ബി‍ഡിഎസിന് 2.5 ലക്ഷവും ഏകീകൃത ഫീസാണ് നേരത്തെ  കമ്മിറ്റി നിശ്ചയിച്ചത്. കരാർ അനുസരിച്ചു ക്രിസ്ത്യൻ മെഡിക്കൽ കോളജുകൾ ഈ വർഷം 4.85 ലക്ഷം രൂപയ്ക്കു പഠിപ്പിക്കേണ്ടതായിരുന്നു. അവർക്ക് 5.5 ലക്ഷം അനുവദിച്ചതു വിമർശനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണു ഫീസ് കുറച്ചത്.

അതേസമയം, സർക്കാരുമായി ധാരണയുണ്ടാക്കിയ രണ്ടു സ്വാശ്രയ മെഡിക്കൽ കോളജുകളിൽ  നാലു തരം ഫീസ് അനുവദിക്കും. സർക്കാരും മാനേജ്മെന്റുകളുമായി ഒപ്പുവയ്ക്കുന്ന കരാറിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത ഫീസ് ഘടന നടപ്പാക്കുന്നതിനുള്ള വ്യവസ്ഥ ഏറ്റവും ഒടുവിൽ പുറത്തിറക്കിയ മെഡിക്കൽ ഓർഡിനൻസിൽ ഉണ്ട്. ഈ വ്യവസ്ഥയിൽ കൂടുതൽ മാനേജ്മെന്റുകൾക്കു സർക്കാരുമായി കരാർ ഒപ്പുവയ്ക്കാം.

മെഡിക്കൽ പ്രവേശനത്തിനുള്ള താൽക്കാലിക റാങ്ക് പട്ടിക ഇന്നലെ രാത്രിയോടെ പ്രവേശന പരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ചു. ഇതിന്റെ  അടിസ്ഥാനത്തിൽ 16ന് ഓപ്ഷൻ റജിസ്ട്രേഷൻ തുടങ്ങും. 20ന് ആദ്യ അലോട്മെന്റ്. 20 മുതൽ 31 വരെ കോളജുകളിൽ ഫീസ് അടയ്ക്കാം. ഫീസിന്റെ കാര്യത്തിൽ ഇന്നു ഹൈക്കോടതി അന്തിമ തീരുമാനം എടുത്തേക്കും. അത് ഉണ്ടായില്ലെങ്കിൽ സർക്കാർ മെഡിക്കൽ, ഡെന്റൽ കോളജുകളിലേക്കും ക്രിസ്ത്യൻ മെഡിക്കൽ കോളജുകളിലേക്കും ആദ്യ അലോട്മെന്റ് നടത്തും. റാങ്ക് പട്ടികയെക്കുറിച്ചു പരാതിയുള്ളവർക്കു നാളെ 10 വരെ ഇമെയിൽ വഴി  പരാതിപ്പെടാം. വിശദാംശങ്ങൾ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ.

click me!