
തൃശൂർ: നീലലോഹിതാക്ഷൻ നാടാർ മന്ത്രിയോഫീസിൽ വിളിച്ചുവരുത്തി നളിനി നെറ്റോയെന്ന ഐഎഎസ് ഉദ്യോഗസ്ഥയെ ലൈംഗികമായി ആക്ഷേപിക്കാൻ ശ്രമിച്ചെന്ന കേസ് കേരളത്തിനകത്തും പുറത്തും കോലാഹലമായൊരുകാലം. നിയമസഭയിലും സെക്രട്ടേറിയറ്റ് നടയിലും പുകിലിന് ഒട്ടും കുറവില്ല. നീലൻ വെറും മന്ത്രി മാത്രമല്ല, ഇടതുമുന്നണി നേതാവും. നീലൻ വിഷയത്തിൽ സഭയിൽ എന്ത് നിലപാടെന്ന് പോലും മുന്നണി തീരുമാനമെടുത്തിരുന്നില്ല.
പക്ഷെ, സഭയിൽ നീലലോഹിതാക്ഷൻ പ്രസംഗിക്കാനെഴുന്നേറ്റപ്പോൾ ട്രഷറി ബഞ്ചിൽ നിന്നൊരു നിശബ്ദപ്രതിഷേധം. സിപിഐക്കാരിയായ പ്രഫ.മീനാക്ഷി തമ്പാൻറെ ഇറങ്ങിപ്പോക്കായിരുന്നു സീൻ. ഭരണ പ്രതിപക്ഷമൊന്നടങ്കം ആശ്ചര്യപ്പെട്ട നിമിഷം. നീലനും ഒന്നു പകച്ചു. സഭാ നടപടി പ്രകാരമല്ലായിരുന്ന ആ പ്രതിഷേധം കണ്ട് സ്പീക്കറും അമ്പരന്നു. കാര്യം മനസിലായ സിപിഐയിലെ തന്നെ ഭാർഗവി തങ്കപ്പനും പിന്നാലെ കൂടി. ഇതോടെ സിപിഎമ്മിലെ രാധയും ഇപ്പോഴത്തെ ആരോഗ്യമന്ത്രി ശൈലജയും എഴുന്നേറ്റു. പെൺപ്രതിഷേധത്തിന് രാഷ്ട്രീയമില്ലെന്ന് തെളിയിച്ച് കോൺഗ്രസ് അംഗവും മീനാക്ഷി തമ്പാൻറെ അയൽക്കാരിയുമായ പ്രഫ.സാവിത്രി ലക്ഷ്മണനും സഭവിട്ടിറങ്ങി.
1999 ഡിസംബര്‍ 21നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. അന്ന് ഗതാഗത മന്ത്രിയായിരുന്നു നീല ലോഹിതദാസന്‍ നാടാര്‍. അദ്ദേഹത്തിന്‍റെ സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ തന്‍റെ മുറിയിലേക്ക് വിളിച്ച് വരുത്തി അപമര്യാദയായി പെരുമാറിയെന്നായിരുന്നു കേസ്. നീലന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിൻറെയും രാഷ്ട്രീയ കേരളത്തിൽ അപഹാസ്യനായി മാറിയതിൻറെയും ജയിൽ വാസമനുഭവിക്കേണ്ടിവന്നതിൻറെയുമെല്ലാം അരിശം തീർത്തത് പിന്നീട് നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ മീനാക്ഷി തമ്പാനെതിരെ വലിയ പ്രചരണം അഴിച്ചുവിട്ടുകൊണ്ടായിരുന്നു.
നിയമസഭയിൽ മാത്രമല്ല, പാർട്ടി വേദികളിലും പൊതുമണ്ഡലത്തിലും മീനാക്ഷി തമ്പാൻ ചങ്കുറപ്പുള്ള നിലപാടുയർത്തിപ്പിടിച്ച ജനനേതാവാണ്. പൊതുപ്രവർത്തനത്തിൽ അമ്പതാണ്ട് പിന്നിട്ട മീനാക്ഷി ടീച്ചറെ ഇരിങ്ങാലക്കുടക്കാർ ആദരിച്ച വേദിയിൽ അന്ന് സഭയിലുണ്ടായ ഇന്നത്തെ തൃശൂർ എംപി സി എൻ ജയദേവൻ നീലലോഹിതാക്ഷൻ നാടാരെ പ്രതിരോധത്തിലാക്കിയ പെൺപോരിൻറെ നേർസാക്ഷ്യം പറയുമ്പോൾ സദസിന് ആവേശം. ജയദേവൻ പറഞ്ഞ വനിതാ എംഎൽഎമാരിൽ തൻറെ പേര് വിട്ടുപോയത് ചൂണ്ടിക്കാട്ടിയ പ്രഫ.സാവിത്രി ലക്ഷ്മണൻ, അന്നത്തെ ആ നീക്കം മീനാക്ഷി ടീച്ചർ തങ്ങളോടെല്ലാം ആലോചിച്ചെടുത്ത തീരുമാനമായിരുന്നെന്നും വെളിപ്പെടുത്തി.
രാഷ്ട്രീയത്തിനല്ല മീനാക്ഷി ടീച്ചർ പ്രാധാന്യം നൽകിയത്. നാടിനും നാട്ടിലെ ജനങ്ങൾക്കും എന്ത് ചെയ്യാമെന്നായിരുന്നുവെന്നും സാവിത്രി ടീച്ചർ പറഞ്ഞു നിർത്തിയിടത്താണ് മീനാക്ഷി തമ്പാനിലൂടെയൊഴുകിയ ഒരു ചരിത്രം പുതിയതലമുറ വായിക്കുന്നത്. തീർത്തും കരുത്തുറ്റ ഒരു സ്ത്രീത്വത്തിൻറെ മാതൃകയായി എസ്എഫ്ഐ പ്രവർത്തകയായിരിക്കെ തന്നെ സ്വാധീനിച്ചത് മീനാക്ഷി ടീച്ചറായിരുന്നെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോ.സെക്രട്ടറിയും തൃശൂർ ജില്ലാ സെക്രട്ടറിയുമായ അഡ്വ.കെ ആർ വിജയ പറയുന്നതും മീനാക്ഷി തമ്പാനെന്ന നേതാവിൻറെ സ്വീകാര്യത എടുത്തുകാട്ടുന്നതായിരുന്നു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്ത സമാദരണ വേദിയിൽ കേരളത്തിൻറെ വിപ്ലവഗായികയും മീനാക്ഷി തമ്പാൻറെ ആത്മമിത്രവുമായ മേദിനിയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നടന്ന ജനകീയ മാർച്ചിൻറെ സ്വീകരണ വേദികളിൽ മീനാക്ഷി തമ്പാൻറെ പ്രസംഗവും മേദിനിയുടെ വിപ്ലവ ഗാനവും വേണമെന്ന് അന്നത്തെ പാർട്ടി സെക്രട്ടറി വെളിയം ഭാർഗവൻ നിർബന്ധം പിടിച്ചു. ഇത് എന്തിന് വേണ്ടിയായിരുന്നുവെന്ന് ഓരോ വേദികളിലെയും ജനക്കൂട്ടം സാക്ഷ്യപ്പെടുത്തിയെന്ന് മേദിനി ഓർമ്മിച്ചെടുക്കുന്നു.
ഇരിങ്ങാലക്കുടയിലാണ് മീനാക്ഷി തമ്പാനും കുടുംബവും താമസിക്കുന്നത്. ഭർത്താവും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന അഡ്വ.കെ ആർ തമ്പാൻറെ വിയോഗത്തോടെയാണ് മീനാക്ഷി തമ്പാനെന്ന കരുത്തുറ്റ വനിതാ നേതാവിനെ സിപിഐ വേദികൾക്ക് നഷ്ടമാവുന്നത്. തമ്പാൻ വക്കീലിൻറെ വേർപാട് ടീച്ചറുടെ കഠിന മനസിനെ പിടിച്ചുകെട്ടി. വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ഏറെക്കാലം കഴിച്ചുകൂട്ടിയപ്പോഴേക്കും കൂട്ടിന് വന്നൊരു ചെറിയ ആരോഗ്യപ്രശ്നം മീനാക്ഷി തമ്പാനെന്ന നേതാവിനെ പ്രതീക്ഷിച്ചിരുന്ന സഖാക്കൾക്കും സഹജീവികൾക്കും വേദനയുണ്ടാക്കി.
ദീർഘനേരം സംസാരിച്ചിരിക്കവെ പെട്ടെന്ന് ഒന്നോ രണ്ടോ നിമിഷത്തേക്ക് ആ വിഷയം ഓർമ്മകളിൽ നിന്നകന്ന് പോകും. ടീച്ചർ തന്നെ ചോദിക്കും അടുത്തിരിക്കുന്നവരോട്, താൻ സംസാരിച്ചിരുന്നതെന്താണെന്ന്. സൂചനകിട്ടിയാൽ പിന്നെ വിടവ് തീർത്ത് വിടാതെ പറഞ്ഞ് മുഴുവിപ്പിക്കും.
മീനാക്ഷി ടീച്ചര്‍ ഒന്നും എത്തിപ്പിടിച്ചതല്ല. എല്ലാം വന്നുചേരുകയായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ചരിത്രത്തിൽ മീനാക്ഷി തമ്പാനും ഒരിടമുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗമായ ഏക വനിതയെന്ന ഖ്യാതി. ഇന്നും സിപിഐയുടെ ഉന്നത നേതാവെന്ന ബഹുമതിയും. തൃശൂർ പാർലമെൻറ് മണ്ഡലത്തിലും മാളയിലും സാക്ഷാൽ കെ കരുണാകരനെ വോട്ടെണ്ണലിൻറെ അവസാന നിമിഷം വരെ വിറപ്പിച്ചുനിർത്തിയ പെൺകരുത്താണവർ. കേരള മഹിളാ സംഘത്തിൻറെ സംസ്ഥാന പ്രസിഡൻറായി മീനാക്ഷി തമ്പാനെ തെരഞ്ഞെടുത്തശേഷം സി അച്യുതമേനോൻ അവർക്കയച്ചത് വെറുമൊരു അഭിനന്ദന കത്തായിരുന്നില്ല. മഹിളാസംഘത്തെ ഒരു ബഹുജന സംഘടനയായി ഉയർത്തിക്കൊണ്ടുവരണമെന്ന നിർദ്ദേശമായിരുന്നു. അത് അക്ഷരംപ്രതി പാലിക്കാൻ മനീക്ഷി തമ്പാനായി എന്നതാണ് അവരുടെ ഉയർച്ചയുടെ ഊന്നുവടി.
ഒരു നാടൊന്നടങ്കം മീനാക്ഷി തമ്പാൻറെ രാഷ്ട്രീയ-പൊതുസേവനത്തിൻറെ അമ്പതാണ്ട് ആഘോഷിച്ചപ്പോഴും സർവരും മനസുകൊണ്ട് ആഗ്രഹിച്ചത് ഇനിയുള്ള പൊതുവേദികളിലും ആ നേതാവിൻറെ നിറസാന്നിധ്യമുണ്ടാകട്ടെയെന്നാണ്.
സിപിഐയും കേരള മഹിളാസംഘം ജില്ലാ കമ്മിറ്റിയുമായിരുന്നു സമാദരണത്തിൻറെ സംഘാടകർ. പാർട്ടി ജില്ലാ സെക്രട്ടറി കെ കെ വത്സരാജിൻറെ അധ്യക്ഷതയിൽ നടന്ന പരിപാടിക്ക് തുടക്കം നവോത്ഥാന കേരളവുമായി ബന്ധപ്പെട്ട സെമിനാറായിരുന്നു. കൃഷിമന്ത്രി വി എസ് സുനിൽകുമാറും സി എൻ ജയദേവൻ എംപിയും മുൻ മന്ത്രി കെ പി രാജേന്ദ്രൻ, എംഎൽഎമാരായ കെ യു അരുണൻ, കെ രാജൻ, ഗീത ഗോപി, ഇ ടി ടൈസൺ, വി ആർ സുനിൽകുമാർ എന്നിവരും മുൻ എംഎൽഎ എ കെ ചന്ദ്രനും മഹിളാ സംഘം നേതാക്കളായ അഡ്വ.പി വസന്തവും കമല സദാനന്ദനും എം സ്വർണലതയും കൂടിയാട്ടം കലാകാരൻ വേണുജിയും സുനിൽ പി ഇളയിടവും തുടങ്ങി എണ്ണിയാലൊടുങ്ങാത്തവർ മീനാക്ഷി തമ്പാനെ ആദരിക്കാനെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam