പ്രധാനമന്ത്രിയെ പുകഴ്‌ത്തി കശ്‌മീര്‍ മുഖ്യമന്ത്രി

By Web DeskFirst Published May 6, 2017, 9:40 AM IST
Highlights

ശ്രീനഗര്‍: കശ്‌മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമേ കഴിയൂവെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്തി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് പാകിസ്ഥാനില്‍ പോകാന്‍ ധൈര്യമില്ലായിരുന്നുവെന്നും മെഹ്ബൂബ മുഫ്തി വിമര്‍ശിച്ചു. അതിനിടെ അതിര്‍ത്തി കടന്ന പാകിസ്ഥാന്‍ ബാലനെ സൈന്യം അറസ്റ്റ് ചെയ്തു.

ജമ്മു കശ്മീരിലെ കൃഷ്ണഘാട്ടി മേഖലയില്‍ രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹം പാകിസ്ഥാന്‍ സേന വികൃതമാക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനം തുടരുന്നതിനിടെയാണ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി മോദിയെ പുകഴ്ത്തിയത്. ജമ്മുകശ്മീരില്‍ സംഘര്‍ഷവും തര്‍ക്കങ്ങളും പരിഹരിക്കാന്‍ പ്രധാനമന്ത്രി എന്ത് തീരുമാനമെടുത്താലും ജനം സ്വാഗതം ചെയ്യുമെന്ന് മെഹ്‌ബൂബ മുഫ്തി പറഞ്ഞു. നരേന്ദ്രമോദിയുടെ കരുത്തിനും ധീരതയ്ക്കും തെളിവാണ് 2015ല്‍ അപ്രതീക്ഷിതമായി പാകിസ്ഥാനിലെത്തി പ്രധാനമന്ത്രി നവാസ് ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ച്ച. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് പാകിസ്ഥാന്‍ സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനുള്ള ധൈര്യം ഇല്ലായിരുന്നെന്നും മെഹ്ബൂബ മുഫ്തി വിമര്‍ശിച്ചു.

വിഘടനവാദികളുമായി ചര്‍ച്ച നടത്തണമെന്ന സംസ്ഥാനവും ചര്‍ച്ചയില്ലെന്ന് കേന്ദ്രവും രണ്ട് തട്ടില്‍ നില്‍ക്കെയാണ് മെഹ്ബൂബ മുഫ്തി പ്രധാനമന്ത്രിയെ പുകഴ്ത്തിയതെന്നതും ശ്രദ്ധേയമായി. അതിനിടെ ഹന്ദ്‌വാരയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ജമ്മു കശ്‌മീരില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന പാകിസ്‌താന്‍ ബാലനെ സൈന്യം അറസ്‌റ്റു ചെയ്തു. പാക് അധിനിവേശ കശ്മീരില്‍ നിന്നും അതിര്‍ത്തി കടന്ന് ജമ്മുകശ്‌മീരിലെ രജൗരി ജില്ലയിലെത്തിയ 12 കാരന്‍ അഷ്ഫാഖ് അലി ചൗഹാനാണ് അറസ്റ്റിലായത്. അഷ്ഫാഖിനെ  തീവ്രവാദികള്‍ അയച്ചതാണെന്ന നിഗമനത്തിലാണ് സൈന്യം. ബലൂചിസ്താന്‍ റെജിമെന്റില്‍ നിന്നും വിരമിച്ച സൈനികന്റെ മകനാണ് അഷ്ഫാഖ്. കൂടുതല്‍ അന്വേഷണത്തിനായി ബാലനെ സൈന്യം പൊലീസിന് കൈമാറി.

click me!