
മെൽബൺ: മെൽബണില്‍ മലയാളിയായ സാം എബ്രഹാമിനെ സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയ കേസിൽ സാമിന്റെ ഭാര്യ സോഫിയയ്ക്കും കാമുകൻ അരുൺ കമലാസനനും കോടതി ജയിൽശിക്ഷ വിധിച്ചു. അരുൺ കമലാസനന് 27 വർഷം തടവാണ് കോടതി വിധിച്ചിരിക്കുന്നത്. സോഫിയക്ക് 22 വർഷമാണ് തടവുശിക്ഷ. 2015 ഒക്ടോബർ 14നായിരുന്നു കൊല്ലം പുനലൂർ സ്വദേശിയായ സാം എബ്രഹാമിനെ മെൽബൺ എപ്പിംഗിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യയ്ക്കും ആറു വയസുള്ള മകനുമൊപ്പം ഉറങ്ങിക്കിടന്ന സാമിനെ രാവിലെ മരിച്ച നിലയിൽ കാണുകയായിരുന്നു എന്നാണ് ഭാര്യ പൊലീസിനെ അറിയിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സയനൈഡ് ഉള്ളിൽ ചെന്നാണ് സാമിന്റെ മരണമെന്ന് വ്യക്തമാകുകയായിരുന്നു. ഇതിന് ശേഷം മാസങ്ങൾ നീണ്ട രഹസ്യാന്വേഷണത്തിലൂടെയാണ് പൊലീസ് സോഫിയയെയും അരുണിനെയും അറസ്റ്റ് ചെയ്തത്.
സോഫിയയുമായുള്ള കമലാസനനുള്ള അവിഹിത ബന്ധമാണ് സാമിന്റെ കൊലപാതകത്തിന് കാരണമെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. മൂന്നു വർഷത്തോളം നീണ്ട വ്യക്തമായ പദ്ധതി തയ്യാറാക്കിയ ശേഷം നടത്തിയ കൊലപാതകമായിരുന്നു ഇതെന്നും, അരുൺ കമലാസനമായിരുന്നു അതിന്റെ ആസൂത്രകനെന്നും കോടതി വിധിപ്രസ്താവത്തിൽ വ്യക്തമാക്കി.
സംഭവത്തില്‍ ഒരുവര്‍ഷത്തോളം ഒളിവില്‍ പോയ പ്രതികളെ ചില രഹസ്യ നീക്കങ്ങളിലൂടെയാണ് പിടികൂടാനായതെന്ന് കോടതി വിശദമാക്കി. അരുണിന് ശിക്ഷ കിട്ടുന്നത് കേരളത്തിലുള്ള ഭാര്യയും കുട്ടിയും പ്രായമായ അച്ഛനമ്മമാരെയുമായിരിക്കും ഏറ്റവുമധികം ബാധിക്കുക. അരുണിന്റെ അച്ഛനമ്മമാരും ഭാര്യയും കോടതിക്ക് കത്തെഴുതുകയും ചെയ്തിരുന്നു എന്ന് ജഡ്ജി പറഞ്ഞു. എന്നാൽ അരുണിന്റെ തന്നെ നടപടികളാണ് അവരെ ഈ അവസ്ഥയിലേക്ക് നയിക്കുന്നതെന്നും കോടതി വിധി പ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടി.
27 വർഷം ജയിൽശിക്ഷക്ക് വിധിച്ച അരുണിന്, 23 വർഷം കഴിയാതെ പരോൾ ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി. 22 വർഷം തടവു ലഭിച്ച സോഫിയക്ക് പരോൾ ലഭിക്കാൻ 18 വർഷം കാത്തിരിക്കേണ്ടി വരും. "സോഫിയ ഇപ്പോഴും ചെയ്തുപോയതിൽ പശ്ചാത്തപിക്കുന്നതായി കരുതാൻ കഴിയില്ല" എന്നു വ്യക്തമാക്കിക്കൊണ്ടാണ് കോടതി 22 വർഷത്തെ തടവു വിധിച്ചത്. ഇതിനു സമാനമായ മറ്റൊരു കേസു പോലും തനിക്ക് കാണാൻ കഴിഞ്ഞിട്ടില്ലെന്നും ജസ്റ്റിസ് കോഗ്ലാൻ വ്യക്തമാക്കി.
ഒമ്പതു വയസുള്ള മകനെ കണക്കിലെടുത്ത് ശിക്ഷ കുറച്ചു നൽകണമെന്ന് സോഫിയ അഭ്യർത്ഥിച്ചിരുന്നു. മകൻ ഇപ്പോൾ സോഫിയയുടെ സഹോദരിക്കൊപ്പമാണ് എന്ന കാര്യം വിധിയിൽ പരാമർശിച്ച കോടതി, എന്നാൽ കൊലപാതകത്തിൽ സോഫിയയ്ക്ക് വ്യകത്മായ പങ്കുണ്ട് എന്ന പരാമർശത്തോടെയാണ് വിധി പറഞ്ഞത്. സോഫിയയുടെ അറിവില്ലാതെ സാം കൊല്ലപ്പെടില്ലായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ ഏതു തരത്തിൽ നേരിട്ടുള്ള പങ്കാണ് സോഫിയയ്ക്ക് ഉള്ളത് എന്ന കാര്യം വ്യക്തമല്ലെന്നും കോടതി പറഞ്ഞു.
വാര്‍ത്ത കടപ്പാട്- എസ്ബിഎസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam