മേപ്പാടി ഗവ. പ്രസ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍; നഷ്ടത്തിലാണെന്ന് സര്‍ക്കാര്‍

Web Desk |  
Published : Mar 05, 2018, 05:40 PM ISTUpdated : Jun 08, 2018, 05:46 PM IST
മേപ്പാടി ഗവ. പ്രസ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍; നഷ്ടത്തിലാണെന്ന് സര്‍ക്കാര്‍

Synopsis

പൂട്ടണമെന്ന് സര്ഡ‍ക്കാര്‍ സമിതി പ്രസിന്റെ ഭാവി കരിനിഴലില്‍  

വയനാട്: സര്‍ക്കാര്‍ നിയോഗിച്ച സമിതി നഷ്ടത്തിലാണെന്ന് കണ്ടെത്തിയതോടെ ജില്ലയിലെ ഏക സര്‍ക്കാര്‍ പ്രസ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍. മേപ്പാടി ടൗണിനോട് ചേര്‍ന്ന് മണ്ണാത്തിക്കുണ്ടിലെ ഗവ. പ്രസ് ആണ് ലാഭകരമല്ലെന്ന കാരണത്താല്‍ അടച്ചുപൂട്ടലിനൊരുങ്ങുന്നത്. സര്‍ക്കാര്‍ നിയോഗിച്ച രാജേന്ദ്രകുമാര്‍ അനയത്ത് കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശയാണ് പ്രസിന്റെ ഭാവി കരിനിഴലിലാക്കിയിരിക്കുന്നത്. ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ പ്രസിന് താഴു വീഴും. 

ബാലറ്റ് പേപ്പറുകള്‍, സംസ്ഥാന ലോട്ടറി ടിക്കറ്റുകള്‍, സര്‍ക്കാര്‍  ഗസറ്റുകള്‍, കേരള അസംബ്ലിയുടെ പ്രിന്റിങ് ജോലികള്‍, പി.എസ്.സി, കേരള ഹൈക്കോടതി, വിവിധ യൂനിവേഴ്‌സിറ്റികള്‍, വിദ്യാഭ്യാസ വകുപ്പ്, ഇന്ത്യന്‍ റെയില്‍വെ ചോദ്യപേപ്പറുകള്‍ തുടങ്ങി 150 ല്‍പരം സര്‍ക്കാര്‍ വകുപ്പുകളുടെ പ്രിന്റിങ് ജോലികള്‍, നോട്ടീസ്, ബ്രോഷറുകള്‍, രജിസ്റ്ററുകള്‍, കവറുകള്‍ എന്നിവയെല്ലാം ചെയ്യുന്നത് ഗവ. പ്രസുകളിലാണ്. 1838ല്‍ സ്വാതി തിരുനാള്‍ മഹാരാജാവാണ് സംസ്ഥാനത്ത് ആദ്യമായി പൊതു ഉടമസ്ഥതയില്‍ പ്രസ് സ്ഥാപിച്ചത്. പിന്നീട് ഇവയെല്ലാം സംസ്ഥാന സര്‍ക്കാരിന് കീഴിലായി.

1983ല്‍ എം. കമലം വകുപ്പ് മന്ത്രിയായിരിക്കുമ്പോള്‍ മേപ്പാടി കാപ്പംകൊല്ലിയിലെ വാടകക്കെട്ടിടത്തിലാണ് പ്രസ് പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീട്  മണ്ണാത്തിക്കുണ്ടില്‍ മൂന്നേക്കറിലധികം സ്ഥലം വാങ്ങി സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. 1999 ഡിസംബര്‍ ആറിന് അന്നത്തെ സഹകരണ -അച്ചടി വകുപ്പു മന്ത്രി ടി.കെ. രാമകൃഷ്ണനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. 25 സ്ഥിരം ജീവനക്കാരടക്കം 35 ഓളം പേര്‍ ഇന്ന് ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ട്. 

അച്ചടി മേഖലയില്‍ വന്ന മാറ്റങ്ങള്‍ക്കനുസരിച്ച് പുത്തന്‍ യന്ത്ര സംവിധാനങ്ങള്‍ മേപ്പാടിയിലെ പ്രസിലെത്തിക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ഇതിനെ കുറിച്ച് പഠിക്കാനും സര്‍ക്കാര്‍ കമ്മീഷനെ വെച്ചിരുന്നെങ്കിലും തുടര്‍നടപടികളില്ലാതെ പോകുകയായിരുന്നു. അതേ സമയം രാജേന്ദ്രകുമാര്‍ അനയത്ത് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രസുകളുടെ ആധുനികവത്കരണം എന്നതിനൊപ്പം മേപ്പാടിയിലെ പ്രസ് നഷ്ടത്തിലാണെന്നും നിലനിര്‍ത്തേണ്ടതില്ലെന്നും കൂടി വ്യക്തമാക്കിയതാണ് ആശങ്കയുളവാക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.
 
 മെഷീനറികള്‍ ആധുനികവല്‍ക്കരിക്കുന്നതിനോടൊപ്പം ജീവനക്കാരെ ഈ മേഖലയിലെ വെല്ലുവിളി ഏറ്റെടുക്കാന്‍ പരിശീലിപ്പിക്കുകയും വേണമെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കൊല്ലത്തെ ഗവ. പ്രസ്, തിരുവനന്തപുരത്തെ സ്റ്റാമ്പ് നിര്‍മാണ കേന്ദ്രം, വയനാട് ഗവ. പ്രസ് എന്നിവ നിലനിര്‍ത്തേണ്ടതില്ല എന്ന നിര്‍ദ്ദേശത്തിന് പിന്നില്‍ ഉദ്യോഗസ്ഥ താല്പര്യങ്ങളുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്. അടുത്ത കാലത്താണ് മേപ്പാടി ഗവ. പ്രസിന് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, പുതിയ ബ്ലോക്ക് എന്നിവ നിര്‍മിച്ചത്. എല്ലാ സൗകര്യങ്ങളും ഉണ്ടെങ്കിലും സര്‍ക്കാര്‍ വിവേകത്തോടെ കാര്യങ്ങളെ കാണാന്‍ തയ്യാറാകാത്തതാണ് അടച്ചുപൂട്ടലിലേക്ക് എത്തിച്ചിരിക്കുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി', കവടിയാറിൽ കെ എസ് ശബരീനാഥന് വിജയക്കുതിപ്പ്
പന്തളം ന​ഗരസഭയിൽ സിപിഎം നേതാവ് ലസിത നായർ തോറ്റു; 'തീവ്രത' പരാമർശം നടത്തിയ വനിത നേതാവ്