Latest Videos

മെട്രോ ഉദ്ഘാടനത്തിന് ഇനി 2 നാൾ: ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

By Web DeskFirst Published Oct 1, 2017, 5:55 AM IST
Highlights

കൊച്ചി: കൊച്ചിനഗര ഹൃദയത്തിലേക്ക് മെട്രോ കുതിച്ചെത്താൻ ഇനി രണ്ട് ദിവസം മാത്രം. പുതിയ പാതയുടെ ഉദ്ഘാടനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് കെഎംആർഎൽ. വ്യത്യസ്തമായ ഒരു സമ്മാനമാണ് ആദ്യ ദിനത്തിലെ യാത്രക്കാരെ കാത്തിരിക്കുന്നത്. ഈ വരുന്ന ചൊവ്വാഴ്ച കൊച്ചി മെട്രോ നഗരഹൃദയത്തിലൂടെ ഓടിത്തുടങ്ങും. ആലുവ മുതൽ പാലാരിവട്ടം വരെയായിരുന്ന സർവീസ് മഹാരാജാസ് വരെ നീളുകയാണ്. 

അണ്ടർ 17ലോകകപ്പിന് മുന്‍പ് കലൂർ സ്റ്റേഡിയത്തിന് മുന്നിലൂടെ മെട്രോ ഓടുമെന്ന കെഎംആർഎലിന്‍റെ വാഗ്ദാനം നടപ്പാകുന്നു. കായികമേഖലയുമായി ബന്ധപ്പെടുത്തിയാണ് ജവഹർലാൽ നെഹ്‍റു സ്റ്റേഡിയം സ്റ്റേഷനിലെ ചിത്രപ്പണികളെല്ലാം. മറ്റ് നാല് സ്റ്റേഷനുകളിലും ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ചൊവ്വാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രനഗരവികസന മന്ത്രി ഹർദീപ് സിങ് പുരിയും സ്റ്റേഡിയം സ്റ്റേഷനിൽ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. 

തുടർന്ന് മെട്രോ യാത്രക്ക് ശേഷമാകും ഇരുവരും ടൗൺഹാളിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിനെത്തുക. പുതിയ സർവീസിന്‍റെ ആദ്യ ദിവസം യാത്രക്കെത്തുന്നവർക്ക്  അവരവരുടെ തന്നെ കാരിക്കേച്ചർ സമ്മാനമായി ലഭിക്കും.  ലിംക ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ  സ്പീഡ് കാരിക്കേച്ചറിസ്റ്റ് ബി. സജ്ജീവിന്‍റെ നേതൃത്വത്തിൽ 10 കാർട്ടൂണിസ്റ്റുകളാണ് കന്നിയാത്രക്ക് എത്തുന്നവരുടെ ചിത്രങ്ങൾ വരയ്ക്കുക. 

സ്റ്റേഡിയം സ്റ്റേഷനിൽ ഉച്ചയക്ക് 12 മുതൽ 2 മണി വരെയാണ് തത്സമയ കാരിക്കേച്ചർ രചന. ഉദ്ഘാടനത്തലേന്ന് രാവിലെ 6.30 ന് ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്ന് 'മെട്രോ ഗ്രീൻ റണ്ണും ഉണ്ടാകും. പരിസ്ഥിതി സംരക്ഷണം എന്ന ആശയമാണ് ഗ്രീൻ റൺ മുന്നോട്ടുവയ്ക്കുന്നത്.

click me!