
ബെര്‍ലിന്‍: യുവതാരം ലിറോയ് സനെയെ ലോകകപ്പ് ടീമിൽ നിന്ന് തഴഞ്ഞതിന് പിന്നാലെ ജർമൻ ഫുട്ബോളിൽ കലാപം. തീരുമാനത്തിന് പിന്നിൽ കളിക്കപ്പുറമുള്ള കാര്യങ്ങളാണെന്ന് മുൻ ക്യാപ്റ്റൻ മിഷേൽ ബല്ലാക്ക് തുറന്നടിച്ചു. മുതിർന്ന താരങ്ങളുമായുള്ള താരതമ്യം സനെ അർഹിക്കുന്നില്ലെന്ന് പ്രതിരോധ താരം മാറ്റ് ഹമ്മൽസ് തിരിച്ചടിച്ചു.
ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗ് ജേതാക്കളാക്കിയ ലിറോയ് സനെ റഷ്യൻ ലോകകപ്പിലെ യുവതുർക്കികളിലൊരാളാകുമെന്നായിരുന്നു പ്രവചനം. എന്നാൽ ജർമൻ കുപ്പായത്തിലെ പ്രകടനം പോരായെന്ന ന്യായം പറഞ്ഞ് സനെയെ കോച്ച് യോകിംലോ ലോകകപ്പ് ടീമിൽ നിന്ന് വെട്ടി.
ഈ തീരുമാനത്തിന് പിന്നിൽ ഫുട്ബോളുമായി ബന്ധപ്പെട്ട കാരണങ്ങളല്ലെന്നാണ് ജർമൻ ഫുട്ബോളിലെ അതികായനായ മുൻ നായകന്‍ മിഷേൽ ബല്ലാക്ക് തുറന്നടിക്കുന്നത്. ലെവർ ക്യൂസന്‍റെ ജൂലിയൻ ബ്രാന്‍റ് ഫോട്ടോ ഫിനിഷിലൂടെ സനെയെ പിന്തള്ളിയെന്ന കോച്ചിന്‍റെ വാദം യുക്തിക്ക് നിരക്കുന്നതല്ല. സനെയുടെ പ്രതിഭയുമായി ബ്രാന്‍റിനെ താരതമ്യം ചെയ്യാനാകില്ലെന്നും ജർമനിക്കായി 98 മത്സരങ്ങൾ കളിച്ച ബല്ലാക്ക് അഭിപ്രായപ്പെട്ടു.
എന്നാൽ കോച്ചിനെ പിന്തുണച്ച് ജർമൻ ഡിഫന്‍റർ മാറ്റ്സ് ഹമ്മൽസ് രംഗത്തെത്തി. തോമസ് മുള്ളറോ, മസ്യൂട്ട് ഓസിലോ അല്ല ലിറോയ് സനെയെന്ന് മനസിലാക്കുന്നത് നല്ലതാകുമെന്നായിരുന്നു ഹമ്മൽസിന്‍റെ പ്രതികരണം. രണ്ടോ മൂന്നോ മത്സരങ്ങൾ കളിച്ചാലുടൻ മൂന്ന് വർഷം ടീമിലുണ്ടായിരുന്നവരെ പോലെ സംസാരിക്കുന്നവരാണ് പല യുവതാരങ്ങളെന്ന് ഹമ്മൽസ് വിമർശിച്ചു. എന്തായാലും സനെയെ തഴഞ്ഞതിനെ ചൊല്ലിയുള്ള വിവാദം ജർമനിയുടെ ലോകകപ്പ് തയാറെടുപ്പുകളെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ഫുട്ബോൾ ലോകം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam