മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളി ഒന്നാം പ്രതി

By Web DeskFirst Published Jul 14, 2016, 9:19 AM IST
Highlights

കൊച്ചി: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിൽ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വെള്ളാപ്പള്ളിയുൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസ്.

വെള്ളാപ്പള്ളിക്ക് പുറമെ എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ.എം.എം.സോമന്‍, മൈക്രോ ഫിനാൻസ് സംസ്ഥാന കോർഡിനേററ്റർ കെ.കെ.മഹേശന്‍,  പിന്നോക്ക വികസന കോർപ്പറേഷൻ മുൻ എംഡി  നജീബ്, നിലവിലെ എംഡി ദിലീപ് ദിലീപ് എന്നിവരാണ് മറ്റ് പ്രതികള്‍. ഗൂഢാലോചന, സാമ്പത്തിക തിരിമറി എന്നീ വകുപ്പുപ്രകാരമാണ് കേസ്.

സിപിഎം നേതാവായ വി.എസ്.അച്യുതാനന്ദൻ നൽകിയ ഹർജിയിലാണ് വെള്ളപ്പള്ളിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.മൈക്രോഫിനാൻസിലെ വിവിധ സംഘങ്ങൾക്ക് വിതരണം ചെയ്യാനായി പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്നുമെടുത്ത 15 കോടി രൂപയിൽ ക്രമക്കേട് നടന്നെന്നാണ് വിഎസ് പരാതി നൽകിയിരുന്നത്.

അഞ്ച് ശതമാനം പലിശയ്ക്ക് നൽകേണ്ട വായ്പ 12 മുതൽ 18 ശതമാനം വരെ പലിശയിലാണ് വിതരണം ചെയ്തതെന്നും കോടതി കണ്ടെത്തിയിരുന്നു. 2003 മുതൽ 2015 വരെയുള്ള കാലയളവിലെ ക്രമക്കേടുകൾ അന്വേഷിക്കാനാണ് കോടതി ഉത്തരവ്.

click me!