
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നിലപാട് പ്രഖ്യാപിക്കാനിരിക്കെ മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ കേസ്. മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ പങ്കുണ്ടെന്നാരോപിച്ച് എസ്എന്‍ഡിപിയോഗം സംരക്ഷണ സമതി നല്‍കിയ ഹര്‍ജിയിലാണ് ചെങ്ങന്നൂര്‍ ഒന്നാംക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്
ചെങ്ങന്നൂരിലെ എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ മുന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ നടന്ന ആറുകോടിയിലധികം രൂപയുടെ മൈക്രോഫിന്‍സ് തട്ടിപ്പിലാണ് പൊലീസ് പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ മാസം ഇരുപതാം തീയ്യതി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കണമെന്ന നിര്‍ണ്ണായക നിലപാട് പ്രഖ്യാപിക്കാനിരിക്കെയാണ് കേസ് വന്നിരിക്കുന്നത്.
എസ്എന്‍ഡിപി യോഗത്തിന് തട്ടിപ്പില്‍ പങ്കില്ലെന്ന് നേതൃത്വ വിശദീകരിക്കുമ്പോഴും ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പുതിയ കേസ് വെള്ളാപ്പള്ളിക്കും തുഷാറിനും കനത്ത തിരിച്ചടിയാണ്. നേരത്തെ നടന്ന തട്ടിപ്പാണെന്നും അതിന് എസ്എൻഡിപിക്കെതിരെ എടുത്ത കേസ് നിലനില്‍ക്കില്ലെന്നുമാണ് ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്‍റെ നിലപാട്.
തട്ടിപ്പില്‍ വെള്ളാപ്പള്ളിക്കും മകനും വ്യക്തമായ പങ്കുണ്ടെന്നും അതാണ് ഇപ്പോള്‍ വ്യക്തമായതെന്നുമാണ് കോടതിയെ സമീപിച്ചവര്‍ പറയുന്നത്. ചെങ്ങന്നൂരില്‍ 1426 കുടുംബങ്ങളാണ് മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ കുടങ്ങിയത്.
എസ്എന്‍ഡിപി ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്‍റെ കീഴില്‍ 45 വ്യാജ സംഘങ്ങള്‍ രൂപീകരിച്ചാണ് മുന്‍ ഭരണ സമിതി വായ്പ എടുത്തത്. ആളുകളറിയാതെയും മരിച്ചവരുടെയും പേരില്‍ വായ്പയെടുത്തു. ഇപ്പോള്‍ അഡ‍്മിനിസ്ട്രേറ്റീവ് ഭരണമാണ് ചെങ്ങന്നൂര്‍ എസ്എന്‍ഡിപി താലൂക്ക് യൂണയന്..
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam