
വാഷിംഗ്ടൺ: ദേശീയ ഗാനം ആലപിച്ചപ്പോൾ എഴുന്നേറ്റു നിൽക്കാൻ യുഎസ് നാഷണല്‍ ഫുട്ബോള്‍ ലീഗ് താരങ്ങൾ വിസമ്മതിച്ചതോടെ മത്സരം കാണാനെത്തിയ യുഎസ് വൈസ് പ്രസിഡന്റ് മൈക് പെൻസ് സ്റ്റേഡിയം വിട്ടു. ഇന്ത്യാനപോളിസ് കോൾട്സിനെതിരെ കളിക്കാനിറങ്ങിയ സാൻ ഫ്രാൻസിസ്കോ 49 ടീമിലെ കളിക്കാരാണ് മുട്ടുകുത്തി പ്രതിഷേധിച്ചത്. രാജ്യത്തിന്റെ ഗാനത്തേയും പതാകയേയും സൈനികരേയും അപമാനിക്കുന്ന മേളയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് പെൻസ് പറഞ്ഞു.
"ഓരോരുത്തരും അവരവരുടെ സ്വന്തം അഭിപ്രായങ്ങൾക്ക് അർഹരാണ്. എങ്കിലും ദേശീയ പതാകയെ ബഹുമാനിക്കണമെന്ന് എൻഎഫ്എൽ കളിക്കാരോട് ആവശ്യപ്പെടുന്നത് അന്യായമല്ലെന്നും പെൻസ് പറഞ്ഞു. ദേശീയ ഗാനത്തിനിടെ താരങ്ങൾ മുട്ടുകുത്തി നിന്ന് പ്രതിഷേധിച്ചാൽ ഗാലറി വിട്ടുപോകണമെന്ന് പെൻസിനോട് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ചിരുന്നു.
അമേരിക്കയിലെ വര്‍ണവിവേചനത്തിനും പോലീസ് അതിക്രമത്തിനുമെതിരെയുള്ള പ്രതിഷേധമായാണു താരങ്ങള്‍ ദേശീയഗാനം ആലപിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കുന്നത്. അമേരിക്കന്‍ ഫുട്ബോള്‍ താരമായ കോളിന് കോപ്പര്‍നിക്കാണ് പ്രതിഷേധത്തിനു തുടക്കമിട്ടത്. കോളിന് പിന്തുണയുമായി നിരവധി താരങ്ങളാണ് ദേശീയ ഗാനം ബഹിഷ്കരിച്ച് രംഗത്തെത്തിയത്.
ദേശീയ ഗാനത്തെ ബഹുമാനിക്കാത്ത താരങ്ങൾക്കെതിരെ കടുത്ത നിലപാടുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ‘നാഷണല്‍ ഫുട്ബോള്‍ ലീഗിന് നിയമങ്ങളും വ്യവസ്ഥകളുമുണ്ട്. ദേശീയഗാനം ആലപിക്കുന്ന സമയത്ത് എഴുന്നേറ്റുനിന്ന് ബഹുമാനിക്കാതിരിക്കണമെങ്കിൽ അവർ പുതിയ നിയമം ഉണ്ടാക്കട്ടെ’ എന്ന് ട്രംപ് ട്വിറ്ററിൽ കുറിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam