
കൊച്ചി: മിലിറ്ററി എഞ്ചിനീയറിംഗ് ഓഫീസ് അഴിമതിയില്‍ അഞ്ചേകാല്‍ കോടി രൂപയും ആറ് കിലോ സ്വർണവും പിടിച്ചെടുത്തതായി സിബിഐ. സംഭവത്തില്‍ സിബിഐ ദില്ലി യൂണിറ്റിന്‍റെ നേതൃത്ത്വത്തില്‍ അഞ്ച് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
കൊച്ചി കൂടാതെ ദില്ലി, അജ്മേർ, കൊല്ക്കാത്ത, ഹരിയാന എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലായി 3.97 കോടി രൂപയും 6 കിലോ സ്വർണ ബിസ്കറ്റുകളും നിർണായക രേഖകളുമാണ് കണ്ടെത്തിയത്. ഇത്കൂടാതെ 1.21 കോടി രൂപ കരാറുകാർ ചീഫ് എഞ്ചിനീയർ ഗാർഗിന് കൈമാറുന്ന സമയത്തും പിടിച്ചെടുത്തിരുന്നു.
അഞ്ച് സംസ്ഥാനങ്ങളുടെ വിവിധ സേനകളുടെ നിർമാണ ജോലികള്‍ക്കുള്ള അന്തിമ അനുമതി നല്കിയിരിക്കുന്ന ചീഫ് എഞ്ചിനീയറാണ് രാകേഷ് കുമാർ ഗാർഗ്. കോടിക്കണക്കിന് രൂപയുടെ നിർമാണ ജോലികള്‍ക്ക് കരാർ നല്കുന്നതിന് കരാറുകാരനില്‍ നിന്നും ഒരു ശതമാനം കമ്മീഷനാണ് ഇയാള്‍ വാങ്ങിയിരുന്നത്.
കൊച്ചി മുണ്ടംവേലിയിൽ നാവികസേനയുടെ കെട്ടിടനിർമ്മാണത്തിന്‍റെ കരാർ നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഗാർഗിന്‍റെ സഹോദരനെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. ഇയാളെ കൂടാതെ അഴിമതിക്ക് കൂട്ടുനിന്ന മറ്റ് അഞ്ച് പേരെയും സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഡാലോചനയടക്കമുള്ള വിവിധ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഗാർഗ് മേല്‍നോട്ട ചുമതല വഹിച്ചിരുന്ന 5 സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത കൊച്ചി സിബിഐ കോടതി മൂന്ന് ദിവസത്തിനകം ഇവരെ ദില്ലിയിലെ കോടതിയിൽ ഹാജരാക്കാനാണ് ഉത്തരവിട്ടിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam