
കൊച്ചി: സിഎ വിദ്യാർഥിനി മിഷേൽ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രോണിന് കോടതി ജാമ്യം അനുവദിച്ചു. കേരളം വിട്ടുപോകരുതെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്പോൾ ഹാജരാകണമെന്നുമുള്ള ഉപാധികളിലാണ് ജാമ്യം. ആത്മഹത്യാ പ്രേരണക്കുറ്റവും പോക്സോയും അടക്കമുള്ള കേസുകളാണ് ഇയാളുടെ മേൽ ചുമത്തിയിരിക്കുന്നത്.
ഈ മാസം അഞ്ചിനാണ് പാലാരിവട്ടത്തെ സ്ഥാപനത്തിൽ സിഎ വിദ്യാർഥിനിയായ മിഷേലിനെ കാണാതാവുന്നത്. കച്ചേരിപ്പടിയിലുള്ള ഹോസ്റ്റലിൽനിന്നു കലൂർ പള്ളിയിലേക്കെന്നുപറഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയെ കാണാതാവുകയും, പിറ്റേദിവസം കായലിൽനിന്നു മൃതദേഹം ലഭിക്കുകയുമായിരുന്നു.
മിഷേലിന്‍റെ കേസുമായി ബന്ധപ്പെട്ടു ഛത്തീസ്ഗഡിൽ ജോലിചെയ്തിരുന്ന ക്രോണിനെ പോലീസ് ചോദ്യംചെയ്യാൻ വിളിച്ചുവരുത്തി അറസ്റ്റു ചെയ്യുകയായിരുന്നു. പിന്നീട് ഇയാളെ ഛത്തീസ്ഗഡിൽ എത്തിച്ചും അന്വേഷണ സംഘം തെളിവെടുത്തു. മിഷേലിനെ കാണാതായതിന് തലേന്ന് ക്രോണിന്‍റെ ഫോണിൽനിന്നു മിഷേലിനു നിരവധി സന്ദേശങ്ങൾ അയച്ചതായും ഫോണ്‍ വിളിച്ചതായും അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു.
രണ്ടു വർഷമായി ക്രോണിൻ മിഷേലിനെ ഉപദ്രവിക്കുന്നുണ്ടെന്നും അന്വേഷണ സംഘത്തിനു തെളിവു ലഭിച്ചു. ക്രോണിന്‍റെയും മിഷേലിന്‍റെയും സുഹൃത്തുകളെ ചോദ്യം ചെയ്തതിൽനിന്നുമാണ് ഈ വിവരം ലഭിച്ചത്. ഈ ജനുവരിയിലാണ് മിഷേലിനു 18 വയസ് പൂർത്തിയായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam