റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; ആളപായമില്ല

Published : Nov 05, 2017, 07:21 AM ISTUpdated : Oct 04, 2018, 11:18 PM IST
റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; ആളപായമില്ല

Synopsis

റിയാദ്: റിയാദ് വിമാനത്താവളത്തിനു നേരെയുണ്ടായ മിസൈല്‍ ആക്രമണം സൗദി സുരക്ഷാസേന തകര്‍ത്തു. ആക്രമണത്തില്‍ ആളപായമില്ല. അതേസമയം ആക്രമണത്തെ തുടര്‍ന്ന് ഭീകരവാദികൾക്കുള്ള ശിക്ഷാനിയമം സൗദി ഭേദഗതി ചെയ്തു. ശനിയാഴ്ച രാത്രിയാണ് റിയാദിനു നേരെ യമനിലെ ഹൂത്തി ഭീകരവാദികള്‍ മിസൈല്‍ ആക്രമണം നടത്തിയത്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുമ്പ് തന്നെ സൗദി സുരക്ഷാസേന മിസൈല്‍ തകര്‍ത്തതിനാല്‍ ആളപായം ഒഴിവാക്കാനായി. 

മിസൈലിന്‍റെ ഭാഗങ്ങള്‍ റിയാദ് വിമാനത്താവളത്തില്‍ പതിച്ചെങ്കിലും നാശനഷ്ടങ്ങള്‍ ഇല്ലെന്നും വിമാന സര്‍വീസുകള്‍ സാധാരണ പോലെ തുടരുന്നുണ്ടെന്നും സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഹൂത്തി നിയന്ത്രണത്തിലുള്ള അല്‍ മാസിറ ടെലിവിഷന്‍ ചാനല്‍ വഴി ഭീകരവാദികള്‍ ആക്രമണം സ്ഥിരീകരിച്ചു. റിയാദ് വിമാനത്താവളമായിരുന്നു ലക്ഷ്യമെന്നു ഭീകരവാദികള്‍ പറഞ്ഞു. പുണ്യ നഗരമായ മക്ക ഉള്‍പ്പെടെ സൗദിയുടെ പ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമായി ഇതുവരെ എഴുപത്തിയെട്ട് മിസൈലുകളാണ് ഹൂത്തികള്‍ തൊടുത്തു വിട്ടിട്ടുള്ളത്. 

ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ശിക്ഷാനിയമങ്ങള്‍ സൗദി ഭേദഗതി ചെയ്തു. പുതിയ നിയമ പ്രകാരം രാജാവ്, കിരീടാവകാശി എന്നിവരെ പരസ്യമായി ഇകഴ്ത്തിയാല്‍ അഞ്ചു മുതല്‍ പത്ത് വര്‍ഷം വരെ തടവ് ലഭിക്കും. ഭീകരാക്രമണങ്ങളില്‍ ആയുധങ്ങളുമായി നേരിട്ട് പങ്കെടുക്കുക, ഭീകരവാദികള്‍ക്ക് ആയുധം നല്‍കി സഹായിക്കുക തുടങ്ങിയവക്ക് പത്ത് മുതല്‍ മുപ്പത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ഭീകരവാദ ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നവര്‍ക്ക് പത്ത് മുതല്‍ ഇരുപത്തിയഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും ഭീകരവാദ സംഘടനകളില്‍ നിന്ന് പരിശീലനം ലഭിക്കുക, സൗദിയിലേക്ക് ആയുധങ്ങള്‍ കടത്തുക തുടങ്ങിയവക്ക് ഇരുപത് മുതല്‍ മുപ്പത് വര്‍ഷം വരെ തടവ്ശിക്ഷയും ലഭിക്കും. 

ഭീകരവാദ പരിശീലനം നല്‍കുന്നവര്‍ക്കും പരിശീലന കേന്ദ്രങ്ങള്‍ ഒരുക്കുന്നവര്‍ക്കും പത്ത് മുതല്‍ ഇരുപത് വര്‍ഷം വരെ തടവ് ലഭിക്കും. എന്നാല്‍ ഭീകരാക്രമണത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ അതിനു പിന്നിലുള്ള ഭീകരവാദികളെ വധശിക്ഷക്ക് വിധേയരാക്കും. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നവര്‍ക്ക് മുപ്പത് ലക്ഷം മുതല്‍ ഒരു കോടി വരെ റിയാല്‍ പിഴ ചുമത്തും. കൂടാതെ ഇവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കാന്‍ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സർക്കാർ ഉദ്യോ​ഗസ്ഥർ കീറിയ ജീൻസും സ്ലീവ്‍ലെസും ധരിച്ച് ഓഫിസിലെത്തുന്നു'; മാന്യമായി വസ്ത്രം ധരിക്കണമെന്ന് കർണാടക സർക്കാറിന്റെ സർക്കുലർ
പാകിസ്ഥാനിൽ ജയിലിൽ കിടക്കുന്ന ഇമ്രാൻ ഖാന് കനത്ത പ്രഹരം, തോഷഖാന കേസിൽ 17 വർഷം തടവ്, ഭാര്യക്കും ശിക്ഷ