ഇതുവരെ ആദായ നികുതി അടച്ചിട്ടില്ലെന്ന് വി മുരളീധരന്‍റെ സത്യവാങ്മൂലം

By Web DeskFirst Published Mar 13, 2018, 3:22 PM IST
Highlights
  • 2016ലെ സത്യവാങ്മൂലത്തില്‍ നികുതി അടച്ചതായാണ് രേഖപ്പെടുത്തിയത്
  • ചട്ടപ്രകാരം അറിയാവുന്ന കാര്യം മറച്ചുവയ്ക്കുന്നത് കുറ്റകരം
  • തെരഞ്ഞെടുപ്പ് കമ്മീഷന് വേണമെങ്കില്‍ പത്രിക തള്ളാം
  • സത്യാവാങ്മൂലത്തിലെ പിഴവിനെ കുറിച്ച് പ്രതികരിക്കാതെ മുരളീധരന്‍

തിരുവനന്തപുരം: രാജ്യസഭ സീറ്റിലേക്ക് മൽസരിക്കാൻ വി മുരളീധരൻ നൽകിയ സത്യവാങ്മൂലത്തിൽ പിഴവ്. ഇതുവരെ ആദായ നികുതി അടച്ചിട്ടില്ലെന്നാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. എന്നാൽ 2016ൽ കഴക്കൂട്ടത്ത് നിന്ന് മൽസരിക്കുമ്പോൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആദായ നികുതി അടച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2004 2005 സാമ്പത്തിക വർഷം ആദായ നികുതി ഫയൽ ചെയ്തിട്ടുണ്ടെന്നാണ് 2016ൽ കഴക്കൂട്ടത്ത് നിന്ന് നിയമസഭയിലേക്ക് മൽസരിച്ചപ്പോൾ വി മുരളീധരൻ സത്യവാങ്മൂലം നൽകിയത്. 3,97, 558 രൂപ ആദായ നികുതി അടച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ രാജ്യസഭാ തെരഞ്ഞെടുപ്പിനായി കഴിഞ്ഞ ദിവസം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് താൻ ഇതുവരെ ആദായ നികുതി ഇനത്തിൽ പണം അടച്ചിട്ടില്ലെന്ന് മുരളീധരൻ വ്യക്തമാക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടപ്രകാരം അറിയാവുന്ന കാര്യങ്ങൾ മറച്ചു വെക്കുന്നത് കുറ്റകരമാണ്. എന്നാൽ ഒന്നര വർഷം മുൻപ് കഴക്കൂട്ടത്ത് മൽസരിച്ചപ്പോൾ നൽകിയ സത്യവാങ്മൂലത്തിന്‍റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ബോധപൂർവ്വം തെറ്റുവരുത്തിയെന്ന കാരണത്താൽ തെരഞ്ഞെടുപ്പ് കമ്മീഷന് നാമനിർദേശ പത്രിക തള്ളാം. എന്നാൽ സത്യവാങ്മൂലത്തിൽ തെറ്റുവരുത്തിയതിനെ കുറിച്ച് പ്രതികരിക്കാൻ വി മുരളീധരനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭ്യമായില്ല.

click me!