
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും വലിയ വിമര്‍ശകനായിരുന്ന മിറ്റ് റോംനി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയാകുമെന്ന് സൂചന. ഇരുവരും തമ്മില്‍ ആദ്യചര്‍ച്ചകള്‍ നടന്നു. 80 മിനിറ്റ് നീണ്ട ചര്‍ച്ചയുടെ വിശദാംശങ്ങള്‍ രണ്ടുപേരും വെളിപ്പെടുത്തിയില്ല. കാബിനറ്റ് പദവി സ്വീകരിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയാനും റോംനി തയ്യാറായില്ല. മറ്റുചില ചോദ്യങ്ങളും ഉണ്ടായി. ട്രംപ് ഒരു തട്ടിപ്പുകാരനാണെന്ന് ഇപ്പോഴും കരുതുന്നോ എന്നായിരുന്നു അതിലൊന്ന്. 2012ല്‍ ബരാക് ഒബാമയുടെ റിപബ്ലിക്കന്‍ എതിരാളിയായിരുന്നു റോംനി. പ്രസിഡന്റാകാനുള്ള സ്വഭാവഗുണങ്ങളൊന്നും ട്രംപിനില്ലെന്ന് റോംനി പറഞ്ഞത് ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ്. അതിനോട് ട്രംപ് പ്രതികരിച്ചത് റോംനിയുടെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലെ തോല്‍വിയെ പരിഹസിച്ചുകൊണ്ടാണ്. മിറ്റ് റോംനിയെത്തന്നെ വിദേശകാര്യസെക്രട്ടറിപദമേല്‍പ്പിച്ചാല്‍ അത് ട്രംപിന്റെ ഭാഗത്തുനിന്ന് തന്ത്രപരമായ നീക്കമായിരിക്കും. റിപബ്ലക്കിന്‍ പാര്‍ട്ടിയിലെ പല ഉന്നതരും എതിര്‍ക്കുന്ന ട്രംപിന് പാര്‍ട്ടിയിലെ തന്നെ ഏറ്റവും വലിയ വിമര്‍ശകന്റെ പിന്തുണ ഉറപ്പാകും. ഇതുവരെ പ്രഖ്യാപിച്ച ട്രംപ് ടീമിലെ അംഗങ്ങളില്‍ പല പേരുകാരെയും ചൊല്ലി വിവാദങ്ങളുയര്‍ന്ന സാഹചര്യത്തില്‍ മിറ്റ് റോംനിയുടെ പേര് ട്രംപിന് താത്കാലികാശ്വാസമാണ്. പക്ഷേ റോംനി കാബിനറ്റ് പദവി സ്വീകരിക്കുമോ എന്ന് വ്യക്തമല്ല.
അതിനിടെ ഹാമില്‍ടണ്‍ എന്ന ബ്രോഡ്വേ മ്യൂസിക്കല്‍ താരങ്ങള്‍ നിയുകത വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെ അപമാനിച്ചുവെന്ന ആരോപണത്തില്‍ ഇടപെട്ടു നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ക്ഷണിതാവായി എത്തിയ പെന്‍സിന് നന്ദി പറഞ്ഞ് വായിച്ച കത്തില്‍ പുതിയ ഭരണകൂടത്തെക്കുറിച്ച ആശങ്കയാണ് പങ്കുവെച്ചത്. സദസ് പെന്‍സിനെ കൂകിയെന്നും പരാതിയുണ്ട്. ഹാമില്‍ട്ടണ്‍ താരങ്ങള്‍ മാപ്പുപറയണമെന്നാണ് ആവശ്യം. എന്തായാലും ട്രംപിന്റ ജയത്തിനുശേഷം അമേരിക്കയില്‍ വര്‍ഗ്ഗീയതയിലൂന്നിയ അക്രമങ്ങളുടെ എണ്ണം കൂടി എന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam