
ചെന്നെെ: തമിഴ്‍നാട്ടില്‍ ടിടിവി ദിനകരൻ പക്ഷത്തെ 18 എംഎല്‍എമാരെ സ്പീക്കർ അയോഗ്യരാക്കിയ കേസില്‍ ഇന്ന് മദ്രാസ് ഹൈക്കോടതി വിധി പറയും. ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജിയുടെ ബെഞ്ച് ഉച്ചയ്ക്ക് ഒരു മണിക്കാണ് വിധി പറയുക. വിധി സർക്കാരിന് നിർണായകമാണ്. കഴിഞ്ഞ വർഷം സെപ്റ്റംബർ 18 നാണ് ടിടിവി ദിനകരൻ പക്ഷത്തെ 18 എം എല്‍ എമാരെ സ്പീക്കർ പി. ധനപാലൻ അയോഗ്യരാക്കിയത്. നേരത്തെ എടപ്പാടി കെ പളനിസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കാൻ സാധിക്കില്ലെന്ന് കാണിച്ച് എം എല്‍ എമാർ ഗവർണറെ സമീപിച്ചിരുന്നു.
ഇതിനെതിരെ ചീഫ് വിപ്പ് എസ്. രാജേന്ദ്രൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സ്പീക്കറുടെ നടപടി.ദിനകരപക്ഷത്തെ 18 പേരെ അയോഗ്യരാക്കിയതോടെ വോട്ടവകാശമുള്ള നിയമസഭയിലെ അംഗങ്ങളുടെ എണ്ണം 215 ആയി ചുരുങ്ങി. ഇതോടെ ഭരണം നിലനിർത്താൻ വേണ്ട മാന്ത്രികസംഖ്യ 108 ആയി കുറയ്ക്കുവാന്‍ എഐഡിഎംകെക്ക് സാധിച്ചു. അന്ന് 117 പേരായിരുന്നു ഭരണപക്ഷത്ത്. പക്ഷേ ആർകെ നഗർ തെരഞ്ഞെടുപ്പില്‍ ടിടിവി ദിനകരൻ നേടിയ മിന്നുംജയം സാഹചര്യങ്ങള്‍ മാറ്റി മറച്ചു.
നിലവില്‍ ഇപിഎസ്, ഒപിഎസ് പക്ഷത്തുള്ളത് 111 എംഎല്‍എമാർ മാത്രമാണ്. മൂന്ന് അണ്ണാ ഡിഎംകെ എംഎല്‍എമാർ ഇപ്പോള്‍ പരസ്യമായി ദിനകരപക്ഷത്താണ്. അയോഗ്യത റദ്ദാക്കിയാല്‍ ദിനകരപക്ഷത്ത് 22 എംഎല്‍എമാരാകും. രണ്ടില ചിഹ്നത്തില്‍ മത്സരിച്ച മൂന്ന് സ്വതന്ത്ര എംഎല്‍എമാരാകട്ടെ ഇപ്പോള്‍ സർക്കാരിനൊപ്പവുമില്ല. പ്രതിപക്ഷത്തിന്‍റെ 98 പേർക്കൊപ്പം ദിനകരപക്ഷം കൂടി ചേർന്നാല്‍ സർക്കാർ നിയമസഭയില്‍ ന്യൂനപക്ഷമാകും.അതേസമയം അയോഗ്യരാക്കിയ നടപടി കോടതി അംഗീകരിച്ചാല്‍ 18 മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ചുരുക്കത്തില്‍ തമിഴ്‍നാട്ടില്‍ കടുത്ത ഭരണപ്രതിസന്ധിയാകും ഈ കോടതിവിധി കൊണ്ടുവരിക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam