നാട്ടുകാരുടെ കല്ലേറ്; കശ്‍മീരില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ സൈന്യം നിര്‍ത്തി

By Web DeskFirst Published May 17, 2017, 10:39 PM IST
Highlights

ശ്രീനഗര്‍: ജമ്മു കശ്‍മീരില്‍ സുരക്ഷാ സേനയ്‌ക്കുനേരെ നാട്ടുകാര്‍ കല്ലെറിഞ്ഞതോടെ ഭീകരര്‍ക്കായുള്ള തെരച്ചില്‍ സൈന്യം നിര്‍ത്തി. ഭീകരരുടെ ഒളിത്താവളം കണ്ടെത്താനാകാതെ സൈനിക നടപടി അവസാനിപ്പിച്ചു. 200 ഓളം ഭീകര്‍ ജമ്മുകശ്‍മീരില്‍ സജീവമാണെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഷോപ്പിയാനില്‍ ഭീകരര്‍ക്കായി സുരക്ഷാ സേനയുടെ തെരച്ചില്‍ തുടങ്ങിയത്. ജമ്മു കശ്‍മീര്‍ പൊലീസും സൈന്യവും അടങ്ങിയ 1000 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഭീകരവിരുദ്ധ വേട്ടയ്‌ക്കറിങ്ങിയത്.

സൈനപോര മേഖലയില്‍ ഹെഫ് ഗ്രാമത്തില്‍ വീടുകള്‍ കയറി ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടങ്ങിയതോടെ പ്രദേശവാസികള്‍ സൈനികരെ കല്ലെറിഞ്ഞു.  ഇതോടെ 15 വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വലിയ ഭീകരവിരുദ്ധ സൈനിക നീക്കം താത്കാലികമായി നിര്‍ത്തിവച്ചു. കൂടുതല്‍ സൈന്യത്തെ മേഖലയിലേക്ക് എത്തിച്ചുവെങ്കിലും കല്ലേറിന് ശമനമുണ്ടാകാതെ വന്നതോടെ ഭീകരരുടെ ഒളിത്താവളങ്ങളൊന്നും കണ്ടെത്താനാകാതെ സൈന്യം മടങ്ങി.

അതിനിടെ ജമ്മു കശ്‍മീരിലെ ബലാകോട്ട് മേഖലയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. സൈനിക പോസ്റ്റുകളും ജനവാസ കേന്ദ്രവും ലക്ഷ്യമാക്കിയായിരുന്നു മോര്‍ട്ടാര്‍ ഷെല്ലാക്രമണവും വെടിവയ്പ്പും നടത്തി. രണ്ടാഴ്ച്ചയ്‌ക്കിടെ എട്ടാം തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.  ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് 17,00 ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

click me!