
തൃശൂര്‍: റിസര്‍വേഷനല്ലാത്ത സാധാരണ റെയില്‍വെ ടിക്കറ്റുകളും മൊബൈല്‍ വഴി ലഭ്യമാകുന്ന പദ്ധതിയെ പരിചയപ്പെടുത്താന്‍ തൃശൂരില്‍ യാത്രക്കാരുടെ സംഘടന പ്രത്യേക കൗണ്ടര്‍ തുറക്കുന്നു. ഏപ്രില്‍ 14 മുതല്‍ നിലവില്‍ വന്ന 'അണ്‍ റിസര്‍വ്ഡ് ടിക്കറ്റിംഗ് സിസ്റ്റം (യുടിഎസ്) ഓണ്‍ മൊബൈല്‍' എന്ന ആപ്ലിക്കേഷന്റെ പ്രചരാണത്തിനായാണ് റയില്‍വെയുടെ സഹകരണത്തോടെയുള്ള ബോധവത്കരണ കൗണ്ടര്‍.
പദ്ധതി ആരംഭിച്ച് ഒരുമാസം പിന്നിട്ടിട്ടും വേണ്ടത്ര ഉപയോക്താക്കളെ ലഭിച്ചിട്ടില്ല. പതിവ് പോലെ ദിനവും സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകളില്‍ നീണ്ട വരിയാണ്. പുതിയ സംവിധാനമാകട്ടെ ഏറ്റവും ഉപകാരപ്രദം ദൈന്യംദിന യാത്രക്കാര്‍ക്കും ഹ്രസ്വദൂര യാത്രക്കാര്‍ക്കുമാണ്. മൊബൈല്‍ ആപ്പ് വഴി പണം ആര്‍-വാലറ്റിലേക്ക് നിക്ഷേപിച്ചാണ് ടിക്കറ്റ് സ്വന്തമാക്കുക. ഇതുസംബന്ധിച്ച സംശയങ്ങളും ആശങ്കകളുമാണ് യാത്രക്കാരെ പുതിയ പദ്ധതിയിലേക്ക് ആകര്‍ഷിക്കാത്തതെന്നാണ് റെയില്‍വെ പാസഞ്ചേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.
ഇത്തരം സംശയങ്ങളില്‍ ബോധവത്കരണമാണ് ബുധനാഴ്ച ഉച്ചക്ക് രണ്ട് മുതല്‍ വൈകീട്ട് ആറ് വരെയുള്ള പ്രത്യേക ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ആപ്ലിക്കേഷന്‍ സംബന്ധിച്ച പരാതികളും നിര്‍ദ്ദേശങ്ങളും റെയില്‍വെ ഉദ്യോഗസ്ഥര്‍ തന്നെ സ്വീകരിക്കും. നിലവില്‍ ആര്‍-വാലറ്റില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് ബോണസായി അഞ്ച് ശതമാനം അധിക തുക അക്കൗണ്ടില്‍ ലഭിക്കും. യാത്രക്കാരുടെ പ്രതികരണങ്ങളും നിര്‍ദ്ദേശങ്ങളും ശേഖരിച്ച് ആപ്ലിക്കേഷന്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണ് ശ്രമമെന്നും റെയില്‍വെ ചീഫ് കമ്മേര്‍സിയല്‍ ഇന്‍സ്പെക്ടര്‍ പ്രസൂണ്‍ എസ് കുമാര്‍ പറഞ്ഞു. എല്ലാ യാത്രക്കാരും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് തൃശൂര്‍ റെയില്‍വെ പാസഞ്ചേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി കൃഷ്ണകുമാറും അഭ്യര്‍ത്ഥിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam