
കശ്‍മീരില്‍ യുവാക്കളെ വഴിതെറ്റിക്കുന്നവര്‍ ഒരിക്കല്‍ മറുപടി പറയേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കശ്‍മീരിലെ പ്രശ്നത്തില്‍ രാജ്യത്തെ രാഷ്‌ട്രീയപാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിന്നത് ലോകത്തിന് നല്‍കിയ വലിയ സന്ദേശമാണെന്നും മോദി മന്‍കിബാത്തില്‍ പറഞ്ഞു.
കഴിഞ്ഞ 50 ദിവസമായി സംഘര്‍ഷം തുടരുന്ന കശ്‍മീരിലെ സ്ഥിതിഗതികളെ മുതലെടുക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് പ്രധാനമന്ത്രി നല്‍കിയത്. പൊലീസ് സ്റ്റേഷനും സൈനികക്യാമ്പും ആക്രമിക്കാന്‍ യുവാക്കളെ പാകിസ്ഥാന്‍ പ്രേരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി മെഹബുബ മുഫ്തിയും ആരോപിച്ചിരുന്നു.
തുടര്‍ന്നാണ് വിഘടനവാദികള്‍ക്കും പാകിസ്ഥാനുമുള്ള കൃത്യമായ മുന്നറിയിപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമാസറേഡിയോപരിപാടിയായ മന്‍കി ബാത്തിലൂടെ നല്‍കിയത്.
കശ്‍മീര്‍ ഇന്ത്യയുടെ അഭിവാജ്യഘടകമാണെന്ന കാര്യത്തില്‍ രാജ്യത്തെ രാഷ്‌ട്രീയപാര്‍ട്ടികള്‍ ഒറ്റക്കെട്ടാണ്. ഇത് വിഘടനവാദികള്‍ക്കും കശ്‍മീരിലെ ജനങ്ങള്‍ക്കും ലോകത്തിന് തന്നെയും വലിയ സന്ദേശമാണ് നല്‍കിയത്. ഐക്യമാണ് സമാധാനത്തോടെ ജീവിക്കാനുള്ള പ്രധാനമന്ത്രം. അയല്‍രാജ്യങ്ങളുമായി നല്ലബന്ധത്തിനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അത് നമ്മുടെ രാജ്യത്തെ ജനങ്ങളുടെ നല്ലതിന് വേണ്ടിയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കശ്‍മീര്‍ പ്രശ്നം അന്താരാഷ്‌ട്രവേദികളില്‍ ഉന്നയിക്കുമെന്ന് പ്രധാനമന്ത്രി നവാസ് ഷേരീഫ് കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചു. 22 പാര്‍ലമെന്റ് അംഗങ്ങളെ വിവിധരാജ്യതലസ്ഥാനങ്ങളിലയക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് മോദിയുടെ മുന്നറിയിപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam