
രാഹുൽ ഗാന്ധിയെ പരോക്ഷമായി പരിഹസിച്ചുകൂടിയായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം. ഒടുവിൽ ഭൂകമ്പം വന്നെന്നും ഭൂമി കൊള്ളയടിക്കപ്പെട്ടപ്പോൾ ഭൂ മാതാവ് കോപിച്ചെന്നും പ്രാധാനമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിലും ഡൽഹിയിലും ഉണ്ടായ നേരിയ ഭൂചലനത്തെ പരാമർശിക്കുന്നതിനിടയില്‍ മോദിക്കെതിരായ തെളിവ് താൻ പുറത്ത് വിട്ടാൽ ഭുകമ്പം ഉണ്ടാകുമെന്ന് പറഞ്ഞ രാഹുലിനെതിരെയായിരുന്നു പരിഹാസം.
അഴിമതി സേവനമാക്കിയവരാണ് കോൺഗ്രസ്. നോട്ട് നിരോധിച്ചതിലൂടെ പതിറ്റാണ്ടുകളായി ഇന്ത്യയെ കൊള്ളയടിച്ചുകൊണ്ടിരുന്നതിന് താൻ അറുതി വരുത്തി. അടുത്ത നടപടിയായി ബിനാമി സ്വത്ത് നിയമം പരിഷ്കരിക്കും. രാജ്യത്തിന് പുറത്തെ കള്ളപ്പണം തിരികെ കൊണ്ടുവരും. ഞങ്ങൾ നായകളുടെ പരമ്പരയിൽ അല്ല ജനിച്ചതെന്ന് കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് മല്ലികാർജ്ജുൻ ഖാർഗെയുടെ പരാമർശത്തെ സൂചിപ്പിച്ച് മോദി പറഞ്ഞു.
പാർട്ടി കുടുംബ സ്വത്താക്കിയെന്നും പ്രധാനമന്ത്രി ആരോപിച്ചു. സ്വാതന്ത്ര്യം നേടിത്തന്നത് ഒരു കുടുംബം അല്ല. ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത് കോൺഗ്രസ് രൂപീകരിച്ചിട്ട് പോലുമില്ല.
നോട്ട് നിരോധനം ശരിയായ നടപടിയെന്ന് തെളിഞ്ഞു. നിരോധനത്തെ സംബന്ധിച്ച് സർക്കാർ തുടക്കം മുതൽ ചർച്ചക്ക് തയ്യാറായിരുന്നെന്നും എന്നാൽ ചർച്ചക്ക് പകരം ടീവിയിൽ മുഖം കാണിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും ഒരു ചായക്കാരന്റെ മകന് പ്രാധാനമന്ത്രിവരെ ആകാൻ കഴിഞ്ഞു എന്നുള്ളതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയെന്നും മോദി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam