'നോട്ട് പിന്‍വലിക്കലിന് മോദി പിന്തുടര്‍ന്നത് മാര്‍ക്‌സിന്റെ പാത'

By Web DeskFirst Published Nov 21, 2016, 6:58 AM IST
Highlights

കാള്‍ മാര്‍ക്‌സിന്റെ പാത പിന്തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് പിന്‍വലിക്കല്‍ തീരുമാനം നടപ്പാക്കിയതെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഉമാഭാരതി. എക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഉമാഭാരതി ഇക്കാര്യം പറഞ്ഞത്. ഇത് മാര്‍ക്‌സിന്റെ അജന്‍ഡയായിരുന്നു. അതാണ് പ്രധാമന്ത്രി ഇപ്പോള്‍ തുടങ്ങിവെച്ചത്. ലോഹ്യ, കാന്‍ഷി റാം, കാള്‍ മാര്‍ക്‌സ് തുടങ്ങിയവരൊക്കെ പണ്ടേ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ പ്രധാനമന്ത്രി നടപ്പാക്കുന്നത്. സമത്വം എന്ന ആശയം മുന്നോട്ടുവെച്ചത് മാര്‍ക്‌സ് ആണ്. സമൂഹത്തില്‍ സമത്വം കൊണ്ടുവരാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും ഉമാഭാരതി പറഞ്ഞു. പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം കുറയ്‌ക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞതാണ്. ജന്‍ ധന്‍ അക്കൗണ്ട്, മുദ്രാ ലോണ്‍ തുടങ്ങിയ പദ്ധതികള്‍ ഈ ലക്ഷ്യം മുന്നില്‍ക്കണ്ടാണ് നടപ്പാക്കിയത്. കള്ളപ്പണം പിടിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നടപടിയെ എല്ലാവരും പിന്തുണയ്‌ക്കണം. സമത്വം എന്ന ആശയം നടപ്പാക്കാന്‍ കാള്‍ മാര്‍ക്‌സിന്റെ നടപടി പിന്തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകമെങ്ങുമുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ അഭിനന്ദിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഉമാഭാരതി പറഞ്ഞു.

click me!