
ദില്ലി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് രാവിലെ ദില്ലിയിൽ നിന്നും കർണാടകത്തിലേക്ക് സഞ്ചരിച്ച വിമാനത്തിൽ അസ്വഭാവിക സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതായി കോൺഗ്രസിന്റെ പരാതി. കർണാടകത്തിലേക്ക് ഹൂബ്ലിയിലേക്ക് പ്രത്യേക വിമാനത്തിൽ മറ്റു നാല് പേർക്കൊപ്പമായിരുന്നു രാഹുൽ സഞ്ചരിച്ചത്. എന്നാൽ യാത്രയ്ക്കിടെ വിമാനത്തിൽ നിന്ന് അസാധാരണമായ ശബ്ദവും കുലുക്കവും അനുഭപ്പെട്ടെന്നാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് പറയുന്നത്.
ഹുബ്ലി വിമാനത്താവളത്തിൽ മൂന്നാമത്തെ ശ്രമത്തിലാണ് വിമാനത്തിന് ലാന്റ് ചെയ്യാൻ സാധിച്ചത്. വിമാനത്തിന്റെ അസ്വാഭാവിക കുലുക്കത്തെ തുടർന്ന് രാഹുലിന്റെ സഹായി കർണാടക ഡിജിപിക്കും ദില്ലി പോലീസിനും പരാതി നൽകി. സംഭവത്തിൽ ഇടപെട്ട പ്രധാനമന്ത്രിയുടെ ഓഫീസ് രാഹുൽ ഗാന്ധിയുടെ ഓഫീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. വൈകുന്നേരം ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അവിടെ നിന്നും രാഹുലിനെ ടെലിഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞു.
സംഭവത്തെക്കുറിച്ച് അഭ്യന്തര അന്വേഷണം ആരംഭിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. വിമാനത്തിന്റെ പൈലറ്റിനെ എയർപോർട്ട് അധികൃതർ ചോദ്യം ചെയ്തതായാണ് വിവരം. സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്നും ഓട്ടോ പൈലറ്റ് മോഡിൽ നിന്നും മാനുവൽ മോഡിലേക്ക് മാറ്റിയപ്പോൾ വന്ന പ്രശ്നങ്ങളാവാം വിമാനത്തിൽ അസാധാരണകുലുക്കത്തിന് കാരണമെന്നും ഡിജിസിഎ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam