
സൗദിയില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനെ സ്ഥാനത്ത് നിന്നും നീക്കി. പകരം രണ്ടാം കിരീടാവകാശിയും സല്‍മാന്‍ രാജാവിന്‍റെ മകനുമായ മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടാവകാശിയായി നിയമിച്ചു.ഇന്നലെ രാത്രി മക്കയില്‍ ചേര്‍ന്ന സൗദി രാജകുടുംബാംഗങ്ങളുടെ പിന്തുടര്‍ച്ചാവകാശ സമിതിയുടെ യോഗത്തിലാണ് സുപ്രധാനമായ തീരുമാനം ഉണ്ടായത്.
കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനെ സ്ഥാനത്ത് നിന്നും നീക്കി. സല്‍മാന്‍ രാജാവിന്റെ മകനും രണ്ടാം കിരീടാവകാശിയുമായിരുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് പുതിയ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും. പിന്തുടര്‍ച്ചാവകാശ സമിതിയില്‍ മുപ്പത്തിനാല് അംഗങ്ങളില്‍ മുപ്പത്തിയൊന്നു അംഗങ്ങളും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ കിരീടാവകാശിയായി അംഗീകരിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ പ്രതിരോധ മന്ത്രിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആ സ്ഥാനത്തും തുടരും.
അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരനാണ് പുതിയ ആഭ്യന്തര മന്ത്രി. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സാലിമിനെ ആഭ്യന്തര സഹമന്ത്രിയായും നിയമിച്ചു. മുപ്പത്തിരണ്ട് കാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ യമനില്‍ അറബ് സഖ്യസേന നടത്തിയ ഓപ്പറേഷനില്‍ നേരിട്ട് പങ്കെടുത്തിരുന്നു. സൗദി വിഷന്‍ 2030 വികസന പദ്ധതിയുടെ പ്രധാന ശില്‍പിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. സൗദിയുടെ സാമ്പത്തിക രംഗത്തും, വിദേശകാര്യ രംഗത്തും, പ്രതിരോധ മേഖലയിലും ഉള്ള മികച്ച അനുഭവ സമ്പത്തുമായാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരാന്‍ രാജ്യത്തിന്റെ കിരീടാവകാശിയായി ചുമതലയേല്‍ക്കുന്നത്.
ഇന്ന് പുലര്‍ച്ചെ പുറപ്പെടുവിച്ച രാജവിജ്ഞാപന പ്രകാരം ചില റോയല്‍ കോര്‍ട്ട് ഉപദേശകര്‍ക്കും, പ്രവിശ്യാ ഗവര്‍ണര്‍മാര്‍ക്കും സ്ഥാന ചലനം ഉണ്ടായിട്ടുണ്ട്. ഇറ്റലി, ജര്‍മനി എന്നിവിടങ്ങളിലെ അംബാസഡര്‍മാരെയും മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam