കുവൈത്ത് സ്വദേശികള്‍ക്ക് ഇലക്ട്രോണിക് പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ തുടങ്ങി

By Web DeskFirst Published Mar 2, 2017, 12:05 AM IST
Highlights

കുവൈത്ത് സ്വദേശികള്‍ക്ക് ഇലക്ട്രോണിക് പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ തുടങ്ങി. പഴയ പാസ്‌പോര്‍ട്ടുകള്‍ മാറിയെടുക്കാന്‍ താമസകാര്യ വകുപ്പ് ഒന്നര വര്‍ഷത്തെ സാവകശം അനുവദിച്ചിട്ടുണ്ട്.

കുവൈത്ത് ദേശീയദിന, വിമോചന ദിനാഘോഷങ്ങള്‍ക്കൊപ്പം കുവൈത്ത് പൗരന്‍മാര്‍ക്ക് ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് നല്‍കുന്ന നടപടികള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. നൂതന സാങ്കേതികവിദ്യയുടെ പുരോഗതിക്കനുസരിച്ചാണ് പുതിയ ഇലക്ട്രോണിക് പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതെന്ന് പാസ്‌പോര്‍ട്ട്- താമസകാര്യ വകുപ്പ്കാര്യ അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഷേഖ് മേസണ്‍ അല്‍ ജാറഹ് പറഞ്ഞു. അതീവ സുരക്ഷാ സാങ്കേതികവിദ്യകള്‍ കര്‍ശനമായി പരിശോധിച്ചശേഷമാണ് അന്താരാഷ്‌ട്ര സാങ്കേതിക നിലവാരത്തിനനുസരിച്ചുള്ള പുതിയ പാസ്‌പോര്‍ട്ടിന് അന്തിമ അംഗീകാരം നല്‍കിയിരിക്കുന്നത്

മറ്റ് അന്താരാഷ്‌ട്ര പാസ്‌പോര്‍ട്ടുകളില്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ചിപ്പുകള്‍ ഇവയിലും ഉപയോഗിച്ചിട്ടുണ്ട്. ചിപ്പിനുള്ളില്‍ പാസ്‌പോര്‍ട്ടിന്റെ ഉടമസ്ഥനെ സംബന്ധിച്ച വ്യക്തിഗത വിവരങ്ങളും വിരലടയാളങ്ങളും ഇലക്ട്രോണിക് ഒപ്പും സൂക്ഷിക്കുന്നു. പുതിയ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ വിമാനത്താവളങ്ങളില്‍ ആവശ്യമായ ഉപകരണങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു. 12 വയസിനു മുകളിലുള്ള എല്ലാവരുടെയും വിരലടയാളങ്ങളും ഇലക്ട്രോണിക് ഒപ്പും നിര്‍ബന്ധമാണ്. ഓരോ വ്യക്തികള്‍ക്കുമുള്ള പാസ്‌പോര്‍ട്ടുകള്‍ അവരവര്‍തന്നെ കൈപ്പറ്റണം. 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ പാസ്‌പോര്‍ട്ടുകള്‍ രക്ഷിതാക്കള്‍ക്ക് കൈപ്പറ്റാവുന്നതാണ്. 30 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്‍കുന്ന ഇ പാസ്‌പോര്‍ട്ടിന്റെ കാലാവധി പത്തു വര്‍ഷത്തേയ്‍ക്കും, അതില്‍ താഴെ പ്രായമുള്ളവര്‍ക്കു നല്‍കുന്ന പാസ്‌പോര്‍ട്ടിന്റെ കാലാവധി അഞ്ചു വര്‍ഷവുമായിരിക്കും.പഴയ പാസ്‌പോര്‍ട്ടുകള്‍ മാറ്റിയെടുക്കുന്നതിന് ഒന്നരവര്‍ഷം സാവകാശം നല്‍കിയിട്ടുണ്ട്.

click me!