
ആലപ്പുഴ: പായ്ക്കറ്റ് പാലിൽ പാൽപ്പൊടി മുതൽ സോപ്പുപൊടിവരെയുള്ള പലവിധ മായങ്ങൾ സുലഭം. പരാതികളേറിയതോടെ കവർ പാലിലെ മായം തടയുന്നതിന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന ആരംഭിച്ചു. ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു തുടങ്ങിയതായും ഈ സാമ്പിളുകൾ തിരുവനന്തപുരത്തെ ലാബിൽ പരിശോധനയ്ക്ക് അയച്ചതായും ഭക്ഷ്യസുരക്ഷ വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ സി.എൽ.ദിലീപ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ വിപണിയിലുള്ള അഞ്ച് ബ്രാന്റുകളുടെ സാമ്പികളുകൾ അയച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ പരിശോധന ഫലം ലഭിക്കും. വിപണിയിൽ ലഭ്യമാകുന്ന എല്ലാ ബ്രാന്റ് കവർ പാലുകളും ശേഖരിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി.
അന്യസംസ്ഥാനങ്ങളിൽ നിന്നു വരുന്ന കവർ പാലുകളിലാണ് പ്രധാനമായും മായം ചേര്‍ത്തിരിക്കുന്നത്. ശുദ്ധമായ പാൽ മണിക്കൂറുകൾ മാത്രമേ കേടുകൂടാതിരിക്കൂ. എന്നാൽ, കിലോമീറ്ററുകൾ താണ്ടി എത്തുന്ന പാൽ ആഴ്ചകളോളം കേടുകൂടാതെയിരിക്കും. മാരകമായ രാസവസ്തുക്കളാണ് ഇതിനുപയോഗിക്കുന്നത്. കവർ പാലുകളിലാണ് കൂടുതൽ മാരകമായ വിഷാംശങ്ങൾ ചേർക്കുന്നത്. ചിലതരം ഡിറ്റർജന്റുകളുടെ സാന്നിദ്ധ്യവും ഇത് കൂടാതെ വൈറ്റ് പെയിന്‍റ് അടക്കമുള്ള മാരക വിഷാംശങ്ങളടക്കിയ വസ്തുക്കളും പാലിൽ ചേർക്കുന്നു. കാസ്റ്റിക് സോഡ, പഞ്ചസാര, യൂറിയ, പശ, സോഡിയം കാർബണേറ്റ്, ഫോർമാലിന്‍, അമോണിയം സൾഫേറ്റ് എന്നിവയടങ്ങിയ പാലാണ് പലപ്പോഴും വിപണിയിലെത്തുന്നത്.
കൃത്രിമ പാലിലെ യൂറിയയുടെ അളവ് വൃക്കകളെ ബാധിക്കുക്കുകയും രക്ത സമ്മർദ്ദം ഉയർത്തുന്നത് ഹൃദ്രോഗത്തിനു കാരണമാകുകയും ചെയ്യുന്നു. ഫോർമാലിന്റെ സാന്നിധ്യം കരളിനെയും കാസ്റ്റിക് സോഡ കുടലുകളെയും ബാധിക്കുന്നു. പരിശോധനകളെ അതിജീവിക്കാനും പാൽ ശീതീകരിക്കുന്നതു മൂലമുണ്ടാകുന്ന ഭാരിച്ച ചെലവ് ഒഴിവാക്കി ലാഭം കൊയ്യാനുമാണ് ആന്റിബയോട്ടിക് മരുന്നുകൾ പാലില്‍ കലർത്തുന്നത്.
കറന്നെടുക്കുന്ന പാൽ അഞ്ച് മണിക്കൂറിലധികം അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിച്ചാൽ കേടാകും. കറന്നെടുക്കുന്ന സമയത്തു പാലിനു സാധാരണയായി 25 ഡിഗ്രി ചൂടുണ്ട്. ഓരോ മണിക്കൂർ കഴിയുമ്പോഴും അണുക്കളുടെ എണ്ണം ഇരട്ടിയാകും. നാല് ഡിഗ്രിക്കു താഴെ ശീതീകരിച്ചാൽ മാത്രമേ പാൽ സൂക്ഷിച്ചുവയ്ക്കാനാകൂ. പതിനായിരം ലിറ്റർ പാൽ ശീതീകരിക്കാൻ 20,000 രൂപയിലധികം ചെലവാകും. എന്നാൽ ആന്റിബയോട്ടിക് ഗുളികകൾ പൊടിച്ചിടുകയോ കുത്തിവയ്പ് മരുന്നുകൾ ചേർക്കുകയോ ചെയ്താൽ പാൽ കേടാകില്ല. 500 രൂപമാത്രമാണ് ഇതിന് ചെലവ്. മായംചേർക്കൽ കണ്ടെത്താനുള്ള ലാബ് സൗകര്യങ്ങൾ അതിർത്തി ചെക്ക് പോസ്റ്റുകളിൽ താത്കാലികമായി പ്രവർത്തിക്കാറുണ്ടെങ്കിലും ഇത് ഫലപ്രദമാകുന്നില്ലെന്നാണ് ആക്ഷേപം.
മായമുള്ള പാലാണോയെന്ന് കണ്ടെത്താനുള്ള വഴികൾ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam