മോട്ടോർ വാഹന പണിമുടക്ക് പൂർണം, കെഎസ്ആർടിസി സർവ്വീസ് നടത്തി

By Web DeskFirst Published Mar 31, 2017, 8:08 AM IST
Highlights

സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത മോട്ടോർ വാഹന പണിമുടക്ക് സംസ്ഥാനത്ത് പൂർണം. കെഎസ്ആർടിസി സർവ്വീസ് നടത്തിയത് ജനങ്ങൾക്ക് ആശ്വാസമായി. പണിമുടക്കിൽ എവിടേയും കാര്യമായ അനിഷ്ട സംഭവങ്ങളുണ്ടായില്ല.

ഇൻഷൂറൻസ് പ്രീമിയം വർധനവിനെതിരെയുള്ള മോട്ടോർ വാഹന പണിമുടക്ക് മലപ്പുറം ഒഴികെയുള്ള വടക്കൻ ജില്ലകളിലെ ജന ജീവിതത്തെ സാരമായി ബാധിച്ചു. സംയുക്ത സമരസമിതി സമിതി ആഹ്വാനം ചെയ്ത പണിമുടക്കിനെ തുടർന്ന് സ്വകാര്യ ബസ്സുകളും – ഓട്ടോ- ടാക്സി   എന്നിവയൊന്നും തന്നെ നിരത്തിലിറങ്ങിയില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് മലപ്പുറത്തെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിരുന്നു. കണ്ണൂർ, കാലിക്കറ്റ് സർവ്വകലാശാലകൾ  ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു.കോഴിക്കോട്  ജില്ലയിൽ കെഎസ്ആർടിസി അധിക സർവ്വീസുകൾ  നടത്തി.മോട്ടോർ വാഹന പണിമുടക്ക് കൊച്ചിയിലും ജനജീവിതത്തെ ബാധിച്ചു. ഓഫീസുകളിൽ  ഹാജർ നില കുറവായിരുന്നു. എന്നാൽ പണിമുടത്ത് തിരുവനന്തപുരം ജില്ലയിൽ കാര്യമായി ചലനം ഉണ്ടാക്കിയില്ല. റെയിൽവേ സ്റ്റേഷനിൽ നിന്നു നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കെഎസ്ആർടിസി അധിക സർവ്വീസ് നടത്തി. മെഡിക്കൽ കോളേജ്, ആർസിസി എന്നിവിടങ്ങളിലേക്കും പ്രത്യേക ബസ് സർവ്വീസ് നടത്തിയത് യാത്രക്കാർക്ക് ആശ്വാസമായി. ബസ് സ്റ്റാൻഡുകളിൽ കുടുങ്ങിയ ജനങ്ങളെ സഹായിക്കാനായി പൊലീസ് വാഹനങ്ങൾ ഏർപ്പെടുത്തി.  പണിമുടക്ക് വിദ്യാർത്ഥികളെ ബാധിച്ചില്ല. തമ്പാനൂരിൽ സമരാനുകൂലികൾ സർവ്വീസ് നടത്തിയ ഓട്ടോ- ടാക്സികൾ തടഞ്ഞു.സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം എജിഎസ് ഓഫീസിലേക്ക് മാർച്ച് നടത്തി. അതിനിടെ ഇൻഷൂറൻസ് പ്രീമിയം വർധിപ്പിച്ചതിനെതിരെയുള്ള ചരക്ക് ലോറി സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. സമരം തുടർന്നാൽ അവശ്യസാധനങ്ങൾക്ക് ക്ഷാമം നേരിടുമെന്ന ആശങ്കയിലാണ് ജനങ്ങൾ.

click me!