നിയമവിരുദ്ധമായി വാഹനങ്ങൾ വാടകയക്ക് കൊടുക്കുന്നവരെ കുടുക്കാന്‍ 'സ്പെഷ്യല്‍ ഡ്രൈവ്'

By Web DeskFirst Published Mar 20, 2018, 12:50 AM IST
Highlights
  • പ്രത്യേക പരിശോധനകൾ  നടത്തും
  • രേഖകൾ ഇല്ലാതെ കാറുകളും ബൈക്കുകളും വാടകയ്ക്ക് കൊടുക്കുന്നവർക്കെതിരെ നടപടി

കൊച്ചി: വിദേശികൾക്ക് നിയമപരമല്ലാതെ വാഹനങ്ങൾ വാടകക്ക് കൊടുക്കുന്നവരെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ്. ഇത്തരക്കാരെ പിടികൂടാനായി പ്രത്യേക പരിശോധനകൾ  നടത്തും. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ പരിശോധന നടത്താനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. ലൈസൻസ് ഇല്ലാതെ കൊച്ചിയിൽ വാഹനമോടിക്കുന്ന വിദേശികൾക്കെതിരെ നടപടികൾ കർശനമാക്കാനാണു തീരുമാനം. മതിയായ രേഖകൾ ഇല്ലാതെ കാറുകളും ബൈക്കുകളും വാടകയ്ക്ക് കൊടുക്കുന്നവർക്കെതിരെയും നടപടി ഉണ്ടാകും.

മോട്ടോർ വാഹന വകുപ്പിന്റെ അനുവാദം ഇല്ലാതെ നിരവധി സ്ഥാപനങ്ങളാണ് വാഹനങ്ങൾ വാടകക്ക് കൊടുക്കുന്നത്.ഇത്തരം സ്ഥാപനങ്ങളിൽ അധികവും ഫോർട്ട് കൊച്ചിയിലാണ്. സൈക്കിൾ മുതൽ എസ് യു വി വരെയുള്ള വാഹനങ്ങൾ ആണ് ഇവർ വാടകയ്ക്കു നൽകുക. കൂടുതലും വിദേശികളാണ് ആവശ്യക്കാർ എന്നതിനാൽ ചില ഹോംസ്റ്റേകളും കാറുകളും ബൈക്കുകളും വാടകയ്ക്ക് നൽകുന്നുണ്ട്. 

കൊച്ചിയിൽ രണ്ടു സ്ഥാപനങ്ങൾ മാത്രമാണ് വാഹനങ്ങൾ വാടകക്ക് നൽകുന്നതിനുള്ള മോട്ടോർ വാഹന വകുപ്പിന്റെ അനുവാദം ഉള്ളതെന്നു മട്ടാഞ്ചേരി ജോയിന്റ് ആർ ടി ഒ അബ്ദുൽ റഹ്മാൻ പറഞ്ഞു. നിരവധി സ്ഥാപനങ്ങൾ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇവർക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഇത്തരത്തിലുള്ള ലൈസൻസ് ലഭിക്കുന്നതിന് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് അഞ്ചു വാഹനങ്ങൾ എങ്കിലും സ്വന്തമായി വേണം. ഒരു ഓഫീസും ഈ വണ്ടികൾ പാർക്ക് ചെയ്യുന്നതിനും അറ്റകുറ്റപണികൾ നടത്തുന്നതിനും ഉള്ള സൗകര്യവും ആവശ്യമാണ്. നിലവിൽ എവിഎസ് കാർസ്, ട്രാൻസ് കാർസ് എന്നീ സ്ഥാപനങ്ങൾക്കു മാത്രമാണ് ഈ ലൈസൻസ് ഉള്ളത്. കറുത്ത നമ്പർ നിറത്തിൽ മഞ്ഞ അക്കങ്ങൾ എഴുതിയ നമ്പർ പ്ലേറ്റുകളാവും ഇവക്കുണ്ടാവുക. 

വിദേശികൾക്ക് കേരളത്തിൽ വാഹനം ഓടിക്കണമെങ്കിൽ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ്‌ വേണം. സ്വന്തം രാജ്യത്തെ ലൈസൻസ് ഉണ്ടെന്നതുകൊണ്ട് ഇന്ത്യയിൽ എവിടെയും വാഹനം ഓടിക്കാൻ അനുവാദം ലഭിക്കില്ല. എന്നാൽ വാഹനം വാടകക്ക് നൽകുമ്പോൾ പല സ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ധിക്കാറില്ല. സ്വന്തം രാജ്യത്തു നിന്ന് തന്നെയാണ് അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ്‌എടുക്കേണ്ടത്. 

ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നതിനു 1500 രൂപയാണ് പിഴ ഈടാക്കുന്നത്. പല വിദേശികൾക്കും ഇത്തരം ഒരു ലൈസൻസിന്റെ ആവശ്യകത അറിയില്ലെന്നും ജോയിന്റ് ആർ ടി ഒ പറഞ്ഞു. ലൈസൻസ് ഇല്ലാത്തതിന് പിടികൂടിയാൽ യാതൊരു മടിയും കൂടാതെ വിദേശികൾ പിഴ അടക്കും. എന്നാൽ പലർക്കും ഇവിടെ വാഹനം ഓടിക്കാൻ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ്‌ ആവശ്യമാണെന്ന് അറിയില്ല. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഏകദേശം ഇരുപത്തി അഞ്ചോളം വിദേശികളെ ലൈസൻസ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചതിന് പിടികൂടിയിട്ടുണ്ടെന്നും ജോയിന്റ് ആർ ടി ഒ പറഞ്ഞു. 

click me!