മ്യൂണിക്ക് വെടിവെപ്പ്; അക്രമി 19കാരനെന്ന് സ്ഥിരീകരണം

By Web DeskFirst Published Jul 23, 2016, 5:34 AM IST
Highlights

ജര്‍മ്മനിയിലെ മൂന്നാമത്തെ വലിയ നഗരമായ മ്യൂണിക്കിലെ പ്രമുഖ ഷോപ്പിങ് മാളായ ഒളിമ്പ്യയില്‍ അക്രമം നടത്തിയയാളെയാണ് ജര്‍മ്മന്‍ പോലീസ് തിരിച്ചറിഞ്ഞത്.  ജര്‍മ്മനിയിലും ഇറാനിലും ഇരട്ട പൗരത്വമുള്ള 19കാരനാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. മാളിലെ ഭക്ഷണശാലയില്‍ നടത്തിയ വെടിവയ്പിന് ശേഷം ഇയാള്‍ ജീവനൊടുക്കിയതായും പൊലീസ് വ്യക്തമാക്കി. ആക്രമണത്തിന് പിന്നില്‍ ഇയാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പോലീസ് സ്ഥിരീകരിച്ചു. നേരത്തെ സംഭവത്തിന് പിന്നില്‍ മൂന്നു പേരുണ്ടെന്നായിരുന്നു ജര്‍മ്മന്‍ പോലീസിന്റെ നിലപാട്. ഒരു ദൃക്‌സാക്ഷി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ പ്രസ്താവന പൊലീസ് പിന്‍വലിച്ചു. 

അതേസമയം ഇയാള്‍ക്ക് ഏതെങ്കിലും തീവ്രവാദി സംഘടനയുമായി ബന്ധമുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. ഇന്നലെ വൈകീട്ട് ആറ് മണിക്ക് നടന്ന വെടിവയ്പില്‍ അക്രമി ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ പതിനാറ് പേര്‍ക്ക് പരിക്കേറ്റു. അക്രമത്തിന് പിന്നാലെ നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ ഇന്ന് സുരക്ഷാ കൗണ്‍സില്‍ യോഗം വിളിച്ചിട്ടുണ്ട്. അമേരിക്കയും ബ്രിട്ടനും അടക്കം വിവിധ ലോക രാഷ്‌ട്രങ്ങള്‍ ആക്രമണത്തെ അപലപിച്ചു.

click me!