
ഇടുക്കി: മൂന്നാറില്‍ കയ്യേറ്റക്കാരില്‍ നിന്ന് പിടിച്ചെടുത്ത ഭൂമിക്കും രക്ഷയില്ല. ചിന്നക്കനാല്‍ ഗ്യാപ് റോഡില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ദൗത്യസംഘം തിരിച്ചുപിടിച്ച 250 ഏക്കര്‍ സ്ഥലത്ത് മൂന്നാം തവണയും കയ്യേറ്റം നടന്നിരിക്കുന്നു. കെട്ടിട നിര്‍മാണം ലക്ഷ്യമിട്ട് ഏക്കറുകണക്കിന് സ്ഥലത്തെ ചെറുമരങ്ങള്‍ മുറിച്ചുമാറ്റുകയും കാടുവെട്ടിത്തെളിക്കുകയും ചെയ്തിട്ടുണ്ട്.
മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ സ്വപ്ന ഭൂമിയാണ് കിലോമീറ്റര്‍ അകലെയുള്ള ചിന്നക്കനാല്‍. സദാസമയവും വീശുന്ന തണുത്ത കാറ്റും കോടമഞ്ഞും ഏറെ ഹൃദ്യം. അതുകൊണ്ടുതന്നെ വന്‍കിട കയ്യേറ്റക്കാര്‍ കണ്ണുവെച്ചിരിക്കുന്ന സ്ഥലം കൂടിയാണിത്. ഇത് ചിന്നക്കനാല്‍ ഗ്യാപ് റോഡിന് തൊട്ടുചേര്‍ന്നുള്ള റവന്യൂ ഭൂമി. ഒരിക്കല്‍ കയ്യേറ്റക്കാരുടെ കൈയിലായിരുന്ന ഭൂമി വീണ്ടും വീണ്ടും അന്യാധീനപ്പെടുന്ന കാഴ്ചയാണിത്. ഏക്കര്‍ കണക്കിന് സ്ഥലം കാടുവെട്ടിത്തെളിച്ചിരിക്കുന്നു. ചെറുമരങ്ങള്‍ വെട്ടിമാറ്റിയിരിക്കുന്നു. മൂന്നോ നാലോ ആഴ്ച മുമ്പാണ് ഇങ്ങനെ കാടുവെട്ടിത്തെളിച്ച് കയ്യേറിയിരിക്കുന്നതെന്ന് വ്യക്തം.
ഇതില്‍ പരാതികള്‍ ഉയര്‍ന്നില്ലെങ്കില്‍ തൊട്ടുചേര്‍ന്ന് കാണുന്ന കെട്ടിടം നവീകരിക്കുകയും കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തുകയുമായിരുന്നു ലക്ഷ്യമെന്ന് കരുതേണ്ടിയിരിക്കുന്നു. ഇത് മൂന്നാം തവണയാണ് ഇവിടെ കയ്യേറ്റം നടന്നിരിക്കുന്നത്. ഈ കാണുന്ന രണ്ട് കെട്ടിടങ്ങളും ആദ്യ ഘട്ടത്തില് വി.എസ്. അച്യുതാനന്ദന്റെ ദൌത്യസംഘം ഒഴിപ്പിച്ചതാണ്. റീസര്‍വ്വേ നമ്പര്‍ 1/1ല്‍പ്പെട്ട 250 ഏക്കര്‍ സ്ഥലവും അന്ന് പിടിച്ചെടുത്തിരുന്നു. പിന്നീട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് റവന്യൂ മന്ത്രിയായിരിക്കെ വീണ്ടും കയ്യേറ്റമുണ്ടായി.
മൂന്നാര്‍ മുട്ടുകാട് സ്വദേശി ഏക്കര്‍ കണക്കിന് സ്ഥലം കയ്യേറുകയും വഴി വെട്ടുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് കേസുമെടുത്തതാണ്. ഇതിന് പിന്നാലെയാണ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വീണ്ടും കയ്യേറ്റം ഉണ്ടായിരിക്കുന്നത്. ഇതിന് പിന്നിലാരാണെന്ന് റവന്യൂ വകുപ്പിനും വ്യക്തതയില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam