
കൊച്ചി നെട്ടൂര്‍ കായലില്‍ യുവാവിനെ കൊലപ്പെടുത്തിയ തള്ളിയ സംഭവത്തില്‍ പൊലീസ് അന്വേഷണം അയല്‍ സംസ്ഥാനത്തേക്കും വ്യാപിപ്പിച്ചു. കൊലചെയ്യപ്പെട്ട യുവാവ് എറണാകുളം ജില്ലക്കാരനല്ലെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതോടെയാണ് മറ്റ് ജില്ലകളിലേക്കും അയല്‍ സംസ്ഥാനത്തേയ്‍ക്കും അന്വേഷണം വ്യാപിപ്പിച്ചത്.
നെട്ടൂര്‍ കായലില്‍ ചാക്കില്‍ കെട്ടി തള്ളിയ നിലയിലാണ് ഇക്കഴിഞ്ഞ എട്ടിന് മുപ്പത് വയസ്സ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കൈകാലുകള്‍ ബന്ധിച്ച നിലയിലുള്ള മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുള്ളതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടയില്‍ ഏറണാകുളം ജില്ലയില്‍ അപ്രത്യക്ഷരായ യുവാക്കളെക്കുറിച്ചുള്ള പരാതികള്‍ മുഴുവന്‍ പൊലീസ് പരിശോധിച്ചെങ്കിലും അത്തരം പരാതികളൊന്നും കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് അയല്‍ സംസ്ഥാനത്തും കേരളത്തിലെ മറ്റ് ജില്ലകളിലേക്കും പോലീസ് ആളെ തിരിച്ചറിയാനുള്ള അന്വേഷണം വ്യാപിപ്പിച്ചത്. കൊല്ലപ്പെട്ട വ്യക്തിയെ തരിച്ചറിയാത്തതിനാല്‍ കൊലപാതകത്തിന്റെ കാരണങ്ങളിലേക്കുള്ള അന്വേഷണവും വഴിമുട്ടി നില്‍ക്കുകയാണ്. മരിച്ചയാള്‍ മലയാളിയാണോ എന്നുപോലും വ്യക്തവുമല്ല.
തലയില്‍ അടുത്തകാലത്തേറ്റ മുറിവുണ്ട്.ബെല്‍ട്ട് ഉപയോഗിച്ച് മുണ്ടുറപ്പിച്ചിട്ടുണ്ട്. കൊല നടത്തിയശേഷം കായലില്‍ കൊണ്ടുവന്ന് കല്ലില്‍കെട്ടി മൃതദേഹം താഴ്ത്തിയതാണെന്നാണ് പൊലീസ് അനുമാനിക്കുന്നത്. ഒന്നില്‍ കൂടുതല്‍ ആളുകളുടെ സഹായം ഇതിന് ലഭിച്ചിരിക്കുമെന്നും പൊലീസ് കരുതുന്നുണ്ട്. ജില്ലയിലെ ക്വട്ടേഷന്‍ സംഘങ്ങളെ നിരീക്ഷിച്ചെങ്കിലും ഇതുവരെ സൂചനകളൊന്നും ലബിച്ചിട്ടില്ല. സൗത്ത് സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam