കൊലപാതകശ്രമം; മൂന്ന് വര്‍ഷത്തിന് ശേഷം പ്രതികള്‍ അറസ്റ്റില്‍

By web deskFirst Published May 24, 2018, 5:28 PM IST
Highlights
  • യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് വര്‍ഷത്തിന് ശേഷം ക്രിമിനല്‍ കേസ് പ്രതി ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയിലായി.

ആലപ്പുഴ: യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് വര്‍ഷത്തിന് ശേഷം ക്രിമിനല്‍ കേസ് പ്രതി ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയിലായി. 21 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഹരിപ്പാട് താമരക്കുളം, കണ്ണനാകുഴി അനീഷ് ഭവനം അനീഷ് (33), ആനാരി ഉചലപ്പുഴ വീട്ടില്‍ സഹോദരങ്ങളായ മാനവവേദ വിഷ്ണു (മാനവന്‍ 23), അനന്ദു (21) എന്നിവരാണ് അറസ്റ്റിലായത്. 

2015 മെയ് 14 ന് രാത്രി 8.15 നാണ് കേസിനാസ്പദമായ സംഭവം. തുലാംപറമ്പ് സ്വദേശി സുമേഷിനെ ഹരിപ്പാട് തുക്കയില്‍ ക്ഷേത്രത്തിന് സമീപം വെച്ച് ബൈക്കിലെത്തി തടഞ്ഞ് നിര്‍ത്തി വെട്ടി പരിക്കേല്‍പ്പിച്ചെന്നായിരുന്നു കേസ്. മൊഴി രേഖപ്പെടുത്തി കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെ സുമേഷിനെ ഭീഷണിപ്പെടുത്തുകയും നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കിയതാണെന്നും കാട്ടി അനീഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നതായി പോലീസ് പറഞ്ഞു. 

ഹൈക്കോടതി പ്രതിയുടെ ഭാഷ്യത്തെ രൂക്ഷമായി വിമര്‍ശിക്കുകയും പോലീസിനോട് നടപടി തുടരാന്‍ ഉത്തരവ് ഇടുകയും ചെയ്തു. അന്നത്തെ ഹരിപ്പാട് സിഐയ്ക്ക് അന്വേഷണ ചുമതലയും നല്‍കി. എന്നാല്‍ കേസ് അന്വേഷണം എങ്ങുമെത്തിയില്ല. ഇപ്പോഴത്തെ സിഐ. ടി.മനോജ് തീര്‍പ്പാക്കാതെ കിടക്കുന്ന കേസുകള്‍ പരിശോധിക്കുകയും തുടര്‍ന്ന് അന്വേഷണം പുനരാരംഭിക്കുകയുമായിരുന്നു. സിഐ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചൊവ്വാഴ്ച അനീഷിനെ കരിമുളയ്ക്കല്‍ ഭാഗത്ത് നിന്നും, മറ്റ് രണ്ട് പേരെ ആനാരി ഭാഗത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്. അനീഷ് നാല് കൊലപാതക കേസില്‍ ഉള്‍പ്പടെ പ്രതിയാണ്. രണ്ട് തവണ ഗുണ്ടാ നിയമ പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
 

click me!