യുവാവിനെ കൊലപ്പെടുത്തി കായലിൽ താഴ്ത്തി;അന്വേഷണം വഴിമുട്ടി

By Web DeskFirst Published Nov 10, 2017, 10:43 PM IST
Highlights

കൊച്ചി: കൊച്ചിയിൽ യുവാവിനെ കൊലപ്പെടുത്തി കായലിൽ താഴ്ത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം വഴി മുട്ടുന്നു. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ ആയിട്ടില്ല. കൊലപാതകത്തിന് ശേഷമാണ് മൃതദേഹം കായലിൽ താഴ്ത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

രണ്ട് ദിവസം മുന്പാണ് കൊച്ചി നെട്ടൂർ കായലിൽ ചാക്കിൽ കെട്ടിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്.കൊലപ്പെടുത്തിയ ശേഷം ചാക്കിൽ കെട്ടി കായലിൽ താഴ്ത്തുകയായിരുന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.എന്നാൽ മരിച്ചത് ആരെന്ന് ഇനിയും തിരിച്ചറിയാൻ സാധിക്കാത്തത് അന്വേഷണത്തെ വഴിമുട്ടിച്ചിരിക്കുകയാണ്.മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കമ്മുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകുന്ന സൂചന. 25 നും 30 നും ഇടയിൽ പ്രായം തോന്നിക്കും.168 സെന്റീമീറ്ററാണ് ഉയരം.തലയിൽ മുറിവിന് സമീപകാലത്ത് ചികിത്സ തേടിയതിന്റെ ബാൻഡേജ് ഉണ്ട്.

മൃതദേഹത്തിനൊപ്പം കിട്ടിയ വസ്ത്രങ്ങൾ മാത്രമാണ് ആളെ തിരിച്ചറിയാനുള്ള വഴി.മഞ്ഞ പൂക്കളോടുകൂടിയ കടും നീല ഷർട്ടും,വെള്ള മുണ്ടും ആണ് മൃതദേഹത്തിനൊപ്പം ലഭിച്ചത്. ആരോൺ ജേക്കബ് എന്ന ബ്രാൻഡില്ലുള്ളതാണ് ഷർട്ട്.മുണ്ട് അരയിൽ ഉറപ്പിക്കാൻ ബെൽറ്റ് ഉപയോഗിച്ചിട്ടുണ്ട്. സമാന ലക്ഷണങ്ങൾ ഉള്ളതും  കഴിഞ്ഞ ദിവസങ്ങളിൽ കാണാതായതുമായ ആളുകളെ  കുറിച്ചുള്ള വിവരങ്ങൾ തിരക്കുകയാണ് പൊലീസ്.ആളെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.

മൃതദേഹം മറ്റെവിടെ നിന്നെങ്കിലും ഒഴുകി വന്നതാവാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നു.ഒന്നര മീറ്റർ ആഴമ്മുള്ള സ്ഥലത്താണ് മൃതദേഹം പൊങ്ങിയത്.വള്ളത്തിലോ മറ്റോ കൊണ്ട് വന്ന് ഇവിടെ താഴ്ത്തിയതാവാമെന്നും പൊലീസ് സംശയിക്കുന്നു.എറണാകുളം സൗത്ത് സി.ഐ യുടെ നേതൃത്വത്തിലുള്ള 30 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

click me!