
ഇടുക്കിയിലെ കൂട്ടാറിൽ അമ്മയും മകളും കുത്തേറ്റ് മരിച്ചു. രണ്ടാമത്തെ മകളുടെ ഭർത്താവാണ് ഇരുവരെയും കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പ്രാഥമിക നിഗമനം.
കൂട്ടാര്‍ ചേലമൂട് പുത്തൻ വീട്ടിൽ മുരുകേശന്റെ ഭാര്യ ഓമന, ഇവരുടെ മൂത്ത മകള്‍ മൈലാടിയിൽ സുബിന്റെ ഭാര്യ ബീന എന്നിവരാണ് മരിച്ചത്. ഓമനയുടെ രണ്ടാമത്തെ മകളുടെ ഭര്‍ത്താവ് കുമരകംമെട്ട് മൈലാടിയില്‍ കണ്ണൻ എന്ന് വിളിയ്ക്കുന്ന സുജിൻ ആണ് ഇരുവരേയും കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ട പ്രതി പിന്നീട് ബൈക്കില്‍ നെടുങ്കണ്ടം ഭാഗത്തേയ്ക്ക് കടന്നു. ഇയാളെ ചിന്നാറിനു സമീപത്തു വച്ച് പൊലീസ് പിടികൂടി. വൈകിട്ട് അഞ്ചോടെയാണ് സംഭവം.
ഓട്ടോറിക്ഷയില്‍ ചേലമൂട്ടിലെ തറവാട് വീടിന് സമീപത്ത് എത്തിയ സുജിൻ ഓമനയോടും ഭാര്യാ സഹോദരി ബീനയോടും വാക്ക് തര്‍ക്കത്തിൽ ഏര്‍പ്പെടുകയും ഇരുവരേയും കുത്തുകയുമായിരുന്നു. ഓമന സംഭവ സ്ഥലത്ത് വെച്ചും ബീന ആശുപത്രിയിലേയ്ക്കുള്ള വഴി മദ്ധ്യേയും മരിച്ചു. സുജിനും ഭാര്യ വിനീതയും മാസങ്ങളായി അകല്‍ച്ചയിലായിരുന്നു. എട്ട് മാസത്തോളമായി വിനീത സ്വന്തം വീട്ടിലാണ് താമസിച്ച് വന്നിരുന്നത്. മദ്യപാനിയായ സുജിന്‍ ഭാര്യയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് വിനീത കുഞ്ഞുമായി അമ്മയോടൊപ്പം താമസമാക്കിയത്. നിരവധി തവണ സുജിനുമായി ഇത് സംബന്ധിച്ച് സംസാരിച്ചിരുന്നെങ്കിലും പ്രശ്‌നം ഒത്തു തീര്‍പ്പായില്ല.
ഇന്നലെ വൈകിട്ട് ഭാര്യയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായാണ് ഇയാള്‍ എത്തിയത്. ഇത് സംബന്ധിച്ച് ബീനയുമായി സംസാരിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തു. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കിൽ കുടുംബ കോടതിയെ സമീപിക്കുമെന്ന് വീട്ടുകാര്‍ സുജിനെ അറിയിച്ചു. ഇതേ തുടർന്ന് സുജിൻ ബീനയെ കുത്തുകയായിരുന്നു. മകളുടെ കരച്ചില്‍ കേട്ടെത്തിയ ഓമനയേയും സുജിന്‍ കുത്തിയ ശേഷം ഓടി രക്ഷപെട്ടു. ഓടി കൂടിയ നാട്ടുകാരുടെ നേതൃത്വത്തില്‍ ഇരുവരേയും തൂക്കുപാലത്തേയും നെടുങ്കണ്ടത്തേയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പേ ഇരുവരും മരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam