മൂന്നാറിലെ രണ്ട് യുവാക്കളുടെ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന ആള്‍ കീഴടങ്ങി

By Web DeskFirst Published Oct 20, 2017, 11:17 PM IST
Highlights

മൂന്നാര്‍:  രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ആള്‍ കോടതിയില്‍ കീഴടങ്ങി. തിരുനല്‍വേലി പുതുകുളം സ്വദേശി മണിയാണ് ചെന്നൈ സെയ്ദപ്പേട്ട് കോടതിയില്‍ കീഴടങ്ങിയത്. കഴിഞ്ഞ ശനിയാഴ്ചാണ് ഓട്ടോ ഡ്രൈവര്‍മാരായ യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയത്

കേരളാ തമിഴ്നാട് അതിര്‍ത്തി മേഖലയായ ബോഡിമേട്ടിന് സമീപം മണപ്പെട്ടിയിലാണ് രണ്ട് യുവാക്കളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂന്നാര്‍ എല്ലപ്പെട്ടി സ്വദേശികളായ ശരവണന്‍, പീറ്റര്‍ എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. ഇരുവരും ഓട്ടോ തൊഴിലാളികളാണ്. കൊച്ചി- ധനുഷ്‌ക്കൊടി ദേശീയപാതയോരത്താണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച്ച രാത്രി എട്ടുമണിയോടെ എല്ലപ്പെട്ടിയില്‍ നിന്നും തമിഴ്നാടിന് ഓട്ടം പോകുകയാണെന്ന് പറഞ്ഞാണ് പീറ്ററിന്റെ ഓട്ടോ റിക്ഷയില്‍ ഇരുവരും പോകുന്നത്.  തമിഴ്നാട്ടിലെ നിരവധി കൊലക്കേസുകളില്‍ പ്രതിയായ മണിയാണ് ഇവരെ തമിഴ്നാട്ടിലേക്ക് ഓട്ടം വിളിച്ചതെന്ന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. 

കൊല നടത്തിയതിന് ശേഷം ഇയാള്‍ എല്ലപ്പെട്ടിയിലെ ചിലരെ വിളിച്ച് അറിയിച്ചതായും പോലീസിന് സൂചനയുണ്ടായിരുന്നു. ഇരുവരുടേയും മുഖം ക്രുരമായി വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു.  ഡിവൈഎസ് പി പ്രഭാകരന്‍, എസ് ഐ മാരായ വെങ്കാടചലപതി, ശേഖര്‍, ഇമ്മാനുവല്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. എല്ലപ്പെട്ടി സ്വദേശികളായതിനാല്‍ സംഭവത്തേക്കുരിച്ച് കേരളാ പൊലീസ്സും അന്വേഷണം നടത്തിവരികയായിരുന്നു.
 

click me!