
പാലക്കാട്: വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സഹോദരിമാർ ലൈംഗിക ചൂഷണത്തിന് വിധേയരായിട്ടുണ്ടെന്ന് പോസ്റ്റ് മോർട്ടംറിപ്പോർട്ടിൽ പറയുന്നതായി സൂചന. കുട്ടികളുടെ മരണം കൊലപാതകമെന്നു സംശയിക്കുന്ന സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പ്രത്യേക സംഘം രൂപീകരിച്ചാണ് കേസന്വേഷണം.
ശനിയാഴ്ചയാണ് വാളയാറിനടുത്ത് അട്ടപ്പള്ളത്ത് ശെൽവപുരം ഭാഗ്യവതിയുടെ മകൾ ശരണ്യയെ വീടിനള്ളിൽ മരിച്ച നിലയിൽ കണ്ടത്. വൈകീട്ട് അച്ചനും അമ്മയും ജോലി കഴിഞ്ഞെത്തിയപ്പോഴായിരുന്നു ഉത്തരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കുട്ടിയെ കണ്ടത്. എത്താത്ത ഉയരത്തിൽ 9 വയസ്സു മാത്രം പ്രായമുള്ള കുട്ടിക്ക് ഒറ്റക്ക് തൂങ്ങാനാകില്ലെന്ന സംശയത്തിൽ തന്നെയാണ് പോലീസ്.
മാത്രമല്ല, ഇത്ര മുറുകുന്ന കുരുക്ക് കുട്ടിക്ക് തനിയെ ചെയ്യാനാകില്ലെന്നും പോലീസ് കരുതുന്നുണ്ട്. കുട്ടിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് നാളെ അന്വേഷണ സംഘത്തിന് കൈമാറും. കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായിട്ടുണ്ടെന്ന് സംശയിക്കുന്നതായാണ് പോസ്റ്റ് മോർട്ടംറിപ്പോർട്ടിലെ സൂചനകൾ. ശരണ്യയുടെ ചേച്ചി 13 വയസ്സുകാരിയായ ഹൃതികയെ ജനുവരി 12 ന് ഇതേ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടിരുന്നു. ഈ പെൺകുട്ടിയും ലൈംഗിക ചൂഷണത്തിന് വിധേയയായിട്ടുണ്ടെന്ന് സംശയിക്കുന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട് പറയുന്നുണ്ട്.
രണ്ട് കേസുകളിലും പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടന്നിട്ടുണ്ടാകാമെന്ന സംശയങ്ങളാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് പറയുന്നത്. ഹൃതികയെ മരിച്ച നിലയിൽ കാണപ്പെടുന്നതിന് തൊട്ട് മുൻപ് രണ്ടു പേരെ വീടിനു പരിസരിത്ത് കണ്ടതായി മരിച്ച ശരണ്യ മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് രണ്ട് മരണങ്ങളും പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്കുന്നത്. ഹേമാംബിക നഗർ സിഐ പ്രമാനന്ദ കൃഷ്ണയുടെ നേതൃത്തിലാണ് കേസന്വേഷിക്കുന്നത്.
കൊലപാതമെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ ഒരു മാസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് സൂപ്രണ്ടിനോടും , ശിശുക്ഷേമ സമിതി അധികൃതരോടും ആവശ്യപ്പെട്ടു. സംഭവത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യം ശക്തമാകുകയാണ്..
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam