അസ്‍ലമിന്റെ കൊലയാളികളെ പിടികൂടാത്തതില്‍ ലീഗിന് അമര്‍ഷം

By Web DeskFirst Published Aug 21, 2016, 4:07 AM IST
Highlights

ഈ മാസം 12 നായിരുന്നു നാദാപുരം കക്കംവെള്ളിക്കടുത്ത് വെച്ച് കാറിലെത്തിയ ഒരു സംഘം മുഹമ്മദ് അസ്‍ലമിനെ വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം പ്രവ‍ര്‍ത്തകന്‍ ഷിബിന്‍ വധക്കേസില്‍ അസ്‍ലമിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. അസ്‍ലം കൊലപാതകത്തിന് പിന്നാലെ  നാദാപുരത്ത് വ്യാപകമായി അക്രമ സംഭവങ്ങളുമുണ്ടായി. കൊലപാതക കേസ് പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന്  ആരോപിച്ച മുസ്ലീംലീഗ്, പ്രതികളെ പിടികൂടാന്‍ വൈകിയാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കി.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ അറിവോടെ നടന്ന ഗൂഡാലോചനയാണ് അസ്ലം കൊലപാതമെന്ന് കെ.എം ഷാജി എം.എല്‍.എ ആരോപിച്ചിരുന്നു. കൊലപാതക കേസ് സജീവമാക്കി നിര്‍ത്താനാണ് ലീഗിന്റെ തീരുമാനം. എസ്.പി ഓഫീസ് ഉപരോധം ഉള്‍പ്പെടെയുള്ള സമരവും ലീഗ് സംഘടിപ്പിക്കും. അതേസമയം പ്രതികളില്‍ ചിലര്‍ സംസ്ഥാനം വിട്ടെന്ന സംശയത്തിലാണ് അന്വേഷണ സംഘം. കൊലപാതക സംഘം സഞ്ചരിച്ച കാര്‍ വാടകക്ക് എടുത്തയാളെ പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളില്‍ നിന്ന് പ്രതികളിലേക്ക് എത്താനാണ് ശ്രമം.

click me!