മുസ്ലീംലീഗ് സംസ്ഥാനപ്രവര്‍ത്തകസമിതി ക്യാമ്പില്‍ യുഡിഎഫിനെതിരെ വിമര്‍ശനം

By Web DeskFirst Published Jul 9, 2016, 5:52 PM IST
Highlights

മുസ്ലീംലീഗ് സംസ്ഥാനപ്രവര്‍ത്തകസമിതി ക്യാമ്പിലെ ചര്‍ച്ചയില്‍ യുഡിഎഫിനെതിരെ വിമര്‍ശനം. മെത്രാന്‍ കായല്‍ അടക്കമുള്ള വിവാദതിരുമാനങ്ങളും അഴിമതി ആരോപണങ്ങളും തിരിച്ചടിയായെന്നും വോട്ടുചോര്‍ച്ചയെ ഭരണവിരുദ്ധവികാരമെന്ന് പറഞ്ഞ് ലഘൂകരിച്ച് കാണേണ്ടെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. മലപ്പുറത്ത് കോണ്‍ഗ്രസിലെ സംഘടനാദൗര്‍ബല്യവും യുഡിഎഫിലെ അനൈക്യവും തിരിച്ചടിക്ക് കാരണമായെന്നും തിരുവമ്പാടിയിലും കൊടുവള്ളിയിലും സ്ഥാനാര്‍ത്ഥിനിര്‍ണയത്തില്‍ പാളിച്ചകളുണ്ടായെന്നും പാര്‍ട്ടി അന്വേഷണക്കമ്മീഷന്‍ റിപ്പോട്ട് നല്‍കി.

മൂന്ന് റിപ്പോട്ടുകളാണ് ലീഗിന്‍റെ സംസ്ഥാന പ്രവര്‍ത്തകസമിതി ക്യാമ്പിലവതരിപ്പിച്ചത്... കൊടുവള്ളി,തിരുവമ്പാടി മണ്ഡലങ്ങളിലെ തോല്‍വിക്ക് സ്ഥാനാര്‍ത്ഥി നിര്‍ണയം കാരണമായെന്നാണ് കെ എന്‍ എ ഖാദറുള്‍പ്പെടുന്ന കമ്മിഷന്‍റെ വിലയിരുത്തല്‍. ഇവിടങ്ങളില്‍ പാര്‍ട്ടി വോട്ടുകള്‍ തന്നെ മുഴുവന്‍ നേടാനായില്ല. പി കെ കെ ബാവ സമര്‍പ്പിച്ച ഇടക്കാലറിപ്പോട്ട് പാര്‍ട്ടിയുടെ വോട്ട് ചോര്‍ച്ചകളെ പറ്റിയാണ്.. മലപ്പുറത്ത് യുഡിഎഫുമായുള്ള തര്‍ക്കങ്ങളും കോണ്‍ഗ്രസിലെ സംഘടനാദൗര്‍ബല്യവുമാണ് തിരിച്ചടിയായത്. സിപിഎം വോട്ടുകളാകും ബിജെപി നേടുകയെന്ന വിലയിരുത്തല്‍ ദിവാസ്വപ്‍നമായി. ഭൂരിപക്ഷവോട്ടുകളും ന്യൂനപക്ഷവോട്ടുകളും മുന്നണിക്ക് ഒരുപോലെ നഷ്‌ടമായി. സമുദായികവോട്ടുകള്‍ മിക്കയിടത്തും ചോര്‍ന്നു.. ഇടി മുഹമ്മദ് ബഷീര്‍ ദേശീയരാഷ്‌ട്രീയം സംബന്ധിച്ചുള്ള റിപ്പോട്ട് യോഗത്തില്‍ സമര്‍പ്പിച്ചു. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ യുഡിഎഫിനെതിരെ പ്രവര്‍ത്തകര്‍ നിശിതവിമര്‍ശനമാണുയര്‍ത്തിയത്. തെരഞ്ഞെടുപ്പില് പാര്‍ട്ടിക്കുണ്ടായ തിരിച്ചടികളെ ഗൗരവത്തോടെ കാണണം. പാര്‍ട്ടിക്ക് 18 സീറ്റുകള്‍ നേടാനായെന്നതും വോട്ടുചോര്‍ച്ചക്കും പരാജയത്തിനും കാരണം ഭരണവിരുദ്ധവികാരമാണെന്നും  പറഞ്ഞിരിക്കാനാകില്ല. പാര്‍ട്ടി അടിമുടി മാറേണ്ടതുണ്ട്.. ഭരണത്തിലിരുക്കുമ്പോള്‍ അവസാനം എടുത്ത തീരുമാനങ്ങള്‍ തിരിച്ചടിയായെന്നും മെത്രാന്‍ കായലടക്കമുള്ള അഴിമതി ആരോപണങ്ങള്‍ അനാവശ്യമായിരുന്നുവെന്നും ചര്‍ച്ചയില്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കൃത്യമായ രാഷ്‌ട്രീയ നയങ്ങളുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വരെ അത് പ്രതിഫലിച്ചിരുന്നു. ഇത്തരത്തിലൊരു നയവും ലീഗിനുണ്ടായില്ല. സംഘടനാതലത്തില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണമെന്നും ആവശ്യമുയര്‍ന്നു. 22 പേരാണ് ആദ്യദിവസം ചര്‍ച്ചയില്‍ പങ്കെടുത്തത്.

click me!