
ഇംഗ്ലണ്ട്: യുഎസ് സര്‍ക്കാരിനെതിരെ ബ്ലോഗ് എഴുതിയതിന് തന്നെ വിവസ്ത്രയാക്കി വിമാനത്താവളത്തില്‍ പരിശോധന നടത്തിയെന്ന് വിദ്യാര്‍ഥിനിയുടെ പരാതി. ബോസ്റ്റണ്‍ ലോഗന്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. ഹാര്‍വാര്‍ഡ് യൂണിവേര്‍സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിയായ സൈനബ് മര്‍ച്ചന്‍റിനാണ് ഇത്തരത്തിലൊരു മോശമായ അനുഭവം നേരിടേണ്ടി വന്നത്.
സൈനബ് റൈറ്റ്സ് എന്ന വെബ്സൈറ്റിന്‍റെ സ്ഥാപകയും എഡിറ്ററുമാണ് സൈനബ്. ബോസ്റ്റണില്‍ നിന്ന് വാഷിംഗ്ടണിലേക്ക് പോകുന്നതിനിടെ എയര്‍പോര്‍ട്ടില്‍ വെച്ചാണ് സൈനബ് പരിശോധനയ്ക്ക് വിധേയയായത്. സാധാരണ സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തുന്ന പരിശോധനക്ക് പുറമേ വിശദമായ പരിശേധനക്ക് സ്വകാര്യ മുറിയിലേക്ക് വരാൻ ഉദ്യേഗസ്ഥർ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് സെെനബ് പറയുന്നു.
എന്നാൽ ഇത് എതിർത്ത സൈനബ് പരിശേധനയ്ക്ക് സാക്ഷികൾ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഈ ആവശ്യം പരിഗണിക്കാതെയാണ് തന്നെ സ്വകാര്യ മുറിയിൽ കയറ്റി പാന്‍റും അടിവസ്ത്രങ്ങളും അഴിപ്പിച്ചതെന്നും ഇതുകൊണ്ടും പരിശോധന അവസാനിപ്പിക്കാതെ സാനിറ്ററി പാഡും അഴിച്ച് പരിശോധിക്കുകയായിരുന്നുവെന്നും സൈനബ് പറയുന്നു.
പരിശോധനയ്ക്ക് ശേഷം ഉദ്യോസ്ഥരുടെ പേരും ഐഡി നമ്പറും സൈനബ് ആവശ്യപ്പെട്ടു. ഇതോടെ പ്രശ്നങ്ങള്‍ സങ്കീര്‍ണമാകുമെന്ന് മനസിലാക്കിയ അവർ വേഗം പുറത്തേക്ക് പോകുകയുമായിരുന്നു. ഇതിന് ശേഷമാണ് സൈനബ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന് പരാതി നൽകിയത്.
അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ മുഖാന്തിരമാണ് പരാതി നല്‍കിയിരിക്കുന്നത്. ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിട്ടി അഡ്മിനിസ്ട്രേഷനും യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനും എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. യുഎസ് സർക്കാരിനെതിരെ താൻ എഴുതിയ ബ്ലോഗുകളാകാം ഉദ്യോഗസ്ഥരെ കൊണ്ട് ഇത്തരമൊരു നടപടിയെടുക്കാൻ പ്രേരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.
തന്‍റെ മത വിശ്വാസങ്ങളെ കുറിച്ചും ഐഎസ് ബന്ധത്തെ കുറിച്ചും പരിശോധനക്കിടയിൽ ഉദ്യോഗസ്ഥർ ചോദിച്ചതായും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ മറുപടി പറയും വരെ ഇതിനെതിരെയുള്ള പോരാട്ടം തുടരുമെന്നും തെറ്റ് ചെയ്യാത്തതിനാല്‍ ആരെയും ഭയക്കുന്നില്ലെന്നും സൈനബ് മാധ്യമങ്ങളോട് പറഞ്ഞു.
തനിക്കെതിരെ 2016 മുതല്‍ ഇത്തരം പരിശോധനകള്‍ നടക്കുന്നുണ്ട്. മൂന്ന് കുട്ടികളുള്ള തനിക്ക് യാത്രയ്ക്കായി വാഷിംഗ്ടണില്‍ ഏറെ മണിക്കൂറുകള്‍ ചെലവഴിക്കേണ്ടിയും വന്നു. ഇത്തരം നിരവധി അനുഭവങ്ങള്‍ ഓരോന്നും വ്യക്തമാക്കിയാണ് പരാതിപ്പെട്ടിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam