
മലപ്പുറം: മുത്തലാക്ക് സംബന്ധിച്ച് ചർച്ചകൾ രാജ്യത്ത് സജീവമാകുമ്പോൾ മലബാറിൽ മുത്തലാക്കുകളുടെ എണ്ണം കൂടുന്നു. മുത്തലാക്ക് ചൊല്ലി ഒഴിവാക്കിയതിനെതിരെ ഓരോ മാസവും ശരാശരി 50 കേസുകളെങ്കിലും കോടതിയിലെത്തുന്നുണ്ടെന്നാണ് സ്ത്രീ സംഘടനകളുടെ കണക്കുകൾ.
16 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുകയാണെന്ന ഭർത്താവിന്‍റെ കത്ത് കിട്ടിയ കോഴിക്കോട് പരപ്പിൽ സ്വദേശിനി എം.പി സക്കീനക്ക് കണ്ണീരടക്കാൻ കഴിയുന്നില്ല. പെരുന്നാളിന് സ്വന്തം വീട്ടിലെത്തിയതായിരുന്നു സക്കീന. തിരിച്ചു പോകാനൊരുങ്ങവെയാണ് തലാക്ക് ചൊല്ലി ഒഴിവാക്കിയെന്ന വിവരം അറിയുന്നത്. ഇതൊരു ഉദാഹരണം മാത്രം. സക്കീനയെപ്പോലെ കണ്ണീരടക്കാനാവാത്ത നിരവധി മുസ്ലീം സ്ത്രീകളെ ദുരിത ജീവിതത്തിലേക്ക് തള്ളിവിടുകയാണ് മുത്തലാക്ക്.
മുത്തലാക്ക് അടക്കമുള്ള സ്ത്രീവിരുദ്ധ മതചട്ടങ്ങൾ റദ്ദാക്കി ഏക സിവിൽകോട് നടപ്പാക്കാൻ കേന്ദ്ര സർക്കാർ ശ്രമം നടത്തുന്നതിനിടെയാണ് മൂന്ന് തവണ തലാക്ക് ചൊല്ലി ഒഴിവാക്കപെടുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നത്. കോഴികോട് , മലപ്പുറം, ജില്ലകളിൽ ശരാശരി 50 കേസുകൾ തലാക്കിലൂടെ ഒഴിവാക്കുന്നതിനെതിരെ കോടതിയിലെത്തുന്നുണ്ട്. കോടതിയിൽ പോകാൻ മടിക്കുന്ന ഇരകളാണ് ഏറെയെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന കേരളാ മുസ്ലീം മഹിളാ ആന്ദോളൻ പ്രവർത്തകർ വ്യക്തമാക്കുന്നു.
അടുത്തിടെ കൈകുഞ്ഞുമായി തലാക്ക് ചൊല്ലിയ ഭർത്താവിന്‍റെ വീടിന് മുന്നിൽ യുവതി സമരം നടത്തിയതും കോഴിക്കോടാണ്. ബന്ധത്തിലുണ്ടാകുന്ന കുട്ടികളുടെ ഭാവിയും ഇരുളടയുന്നു. മുത്തലാക്കുണ്ടാക്കുന്ന സാമൂഹ്യപ്രശ്നങ്ങൾ മനസിലാക്കി ഇതവസാനിപ്പിക്കാനാണ് പുരോഹിത സമൂഹ ശ്രമിക്കേണ്ടതെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ആവശ്യപെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam