നന്തന്‍കോട് കൂട്ടക്കൊല; മാതാപിതാക്കളെ വെട്ടിനുറുക്കും മുമ്പ് ജീന്‍സണ്‍ വിഷം നല്‍കിയതായി സൂചന

By Web DeskFirst Published Apr 10, 2017, 7:09 AM IST
Highlights

തിരുവനന്തപുരം: തിരുവനന്തപുരം നന്തന്‍കോട് കൂട്ടകൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന കേഡല്‍ ജീന്‍സണായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. മാതാപിതാക്കളെയും സഹോദരിയെയും ജീന്‍സണ്‍ വിഷമോ മയക്ക് മരുന്നോ നല്‍കി കൊല ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം. കൊല്ലപ്പെട്ട നാലുപേരുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഏറ്റുവാങ്ങി പാളയം എല്‍എംഎസ് പള്ളിയില്‍ സംസ്ക്കരിച്ചു.

മൂന്നുപേരെയും വെട്ടിനുറിക്കിയപ്പോള്‍ നിലവിളിയോ ഞരക്കമോ അയല്‍വാസികളാരും കേള്‍ക്കാതിരുന്നതാണ് കൊലപാതകത്തിന് മുമ്പ് വിഷമോ മയക്കുമരുന്നോ നല്‍കിയിരിക്കാം എന്ന സംശയത്തിനുള്ള കാരണം. അച്ഛനെയും അമ്മയെയും സഹോദരിയെയും ജീന്‍സണ്‍ കഴിഞ്ഞ ബുധനാഴ്ച രാത്രി  കൊലപ്പെടുത്തിയിട്ടുണ്ടാകാമെന്ന് പൊലീസ് കരുതുന്നു. വ്യാഴാഴ്ച മുതല്‍ മൂന്നുപേരെയും കാണിനില്ലെന്ന വീട്ടുജോലിക്കാരിയുടെ മൊഴിയാണ് ഇതിന് അടിസ്ഥാനം. മൂന്നു മൃതദേഹങ്ങള്‍ കത്തിനശിച്ചതിനാല്‍ ഫോറന്‍സിക് പരിശോധന ഫലം വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂ.

വീട്ടില്‍നിന്നും ശേഖരിച്ച ഭക്ഷണ അവശിഷ്ടങ്ങളും ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അതേസമയം, പ്രതിയെന്ന സംശയിക്കുന്ന കേഡലിനെ കുറിച്ച് ഇപ്പോഴും വിവരമില്ല.വിമാനത്താവളങ്ങളിലെല്ലാം കേഡലിനെ കുറിച്ചുള്ള വിവരം കൈമാറിയിട്ടുണ്ട്. നന്തകോട്ടെ വീട്ടില്‍ ഇന്നും പൊലീസ് പരിശോധന നടത്തി. ഇയാളുടെ പാസ്‌പോ‍ര്‍ട്ട് കണ്ടെത്താനായിട്ടില്ല. ക്രെഡിറ്റ് കാര്‍ഡും എടിഎം കാ‍ര്‍ഡും എടുക്കാതെയാണ് കേഡല്‍ മുങ്ങിയത്.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുമില്ല. വീട്ടില്‍ നിന്നും ലഭിച്ച ഒരു ഫോണില്‍ കമ്പ്യൂട്ടര്‍ സര്‍വ്വീസ് സെന്ററിന്റെയും ഭക്ഷണമെത്തിക്കുന്ന ഹോട്ടലിന്റെയും നമ്പര്‍ മാത്രമാണ് ഉള്ളത്.കമ്പ്യൂട്ടറും പൊലീസ് സീല്‍ ചെയ്തിട്ടുണ്ട്.കാലില്‍ പൊള്ളലേറ്റതിനാല്‍ കേഡല്‍ ആശുപത്രിയില്‍ ചികിത്സ തേടാന്‍ സാധ്യയുള്ളതിനാല്‍ ആശുപത്രികളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

click me!