പുതിയ പാര്‍ട്ടിയുമായി നാരായണ്‍ റാണെ; ശിവസേനയ്ക്ക് രൂക്ഷ വിമര്‍ശനം

By Web DeskFirst Published Oct 1, 2017, 2:11 PM IST
Highlights

മുംബൈ: മഹാരാഷ്‌ട്ര മുന്‍മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന നാരായണ്‍ റാണെ പുതിയ പാര്‍ട്ടിയുണ്ടാക്കി. മഹാരാഷ്‌ട്രാ സ്വാഭിമാന്‍ പക്ഷ് എന്നപാര്‍ട്ടിയാണ് റാണെയും അനുയായികളും ചേര്‍ന്ന് രൂപീകരിച്ചത്. കഴിഞ്ഞ എപ്രിലില്‍ അമിത് ഷായുമായി  ചര്‍ച്ച നടത്തിയതോടെ റാണെയും മക്കളും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

റാണെയുടെ പുതിയ പാര്‍ട്ടി ബിജെപിയുമായി സഖ്യം ചേര്‍ന്നേക്കുമെന്ന് സൂചനയുണ്ട്. ബാല്‍ താക്കറെ മകന്‍ ഉദ്ധവ് താക്കറെയെ പിന്‍ഗാമിയാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു 2005 ല്‍ റാണെയും അനുയായികളും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോൺഗ്രസിലെത്തുന്നതിനു മുൻപ് തന്റെ തട്ടകമായിരുന്ന ശിവസേനയെയും അധ്യക്ഷൻ ഉദ്ധവ് താക്കറെയെയും കടന്നാക്രമിച്ചുകൊണ്ടാണ് റാണെ പുതിയ പാർട്ടിയുമായി രംഗത്തെത്തിയത്.

‘ആരാണ് ഉദ്ധവ് താക്കറെ? ഇന്നലെ ശിവാജി പാർക്കിൽ നടത്തിയ റാലിയിൽ അയാൾ എന്നെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും എൻസിപി അധ്യക്ഷൻ ശരദ് പവാറിനെയും വിമർശിച്ചിരുന്നു. സത്യത്തിൽ സർക്കാരിൽ താക്കറെയുടെയും പാർട്ടിയുടെയും സംഭാവന എന്താണ്? നോട്ട് അസാധുവാക്കൽ നടപടിയുടെ പേരിൽ താക്കറെയും ശിവസേനയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്നു. എന്നിട്ടും ശിവസേനയിൽനിന്നുള്ള മന്ത്രിമാർക്ക് ഇതിലൊന്നും യാതൊരു പ്രശ്നവുമില്ല’ – റാണെ ചൂണ്ടിക്കാട്ടി. ശിവസേന മന്ത്രിമാർ, മന്ത്രിസഭാ യോഗങ്ങളിൽ ഉറങ്ങുകയാണെന്നാണ് തോന്നുന്നതെന്നും റാണെ പരിഹസിച്ചു.

click me!