തിരിച്ചടികള്‍ക്കിടയിലും 2019 ലക്ഷ്യം വെച്ച് നരേന്ദ്ര മോദി; എതിരിടാന്‍ ആരെന്ന ചോദ്യം ബാക്കി

By Web DeskFirst Published May 26, 2017, 2:29 AM IST
Highlights

ഒരുപാട് പ്രഖ്യാപനങ്ങളും നാടകീയ നീക്കങ്ങളും കണ്ട മൂന്ന് വര്‍ഷമാണ് കടന്നുപോയത്. ഇനി 2019ലെ ലോക്‌സഭ തെര‍ഞ്ഞെടുപ്പാണ് നരേന്ദ്ര മോദിയുടെ അടുത്ത ലക്ഷ്യം. മോദിക്കെതിരെ ആരാകും പ്രതിപക്ഷ ചേരിയില്‍ നിന്ന് ഉയര്‍ന്നുവരിക എന്നതും രാജ്യം ഉറ്റുനോക്കുന്നു.

ദേശീയ രാഷ്‌ട്രീയത്തില്‍ ചരിത്രം കുറിച്ച് ഒറ്റക്ക് ഭൂരിപക്ഷം നേടിയാണ് 2014ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയത്. സ്വച്ഛ് ഭാരത് അഭിയാന്‍, പ്രധാനമന്ത്രി ജന്‍ധന്‍ പോലുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് തുടക്കത്തില്‍ മോദി കയ്യടി നേടി. പക്ഷെ, ദില്ലിയിലും പിന്നീട് ബീഹാറിലുമൊക്കെ ഏറ്റ പരാജയവും കള്ളപ്പണം തിരിച്ചുപിടിക്കാന്‍ സാധിച്ചില്ല എന്ന ആരോപണവുമൊക്കെ രണ്ടാംവര്‍ഷത്തില്‍ മോദിക്ക് കേള്‍ക്കേണ്ടിവന്നു. പാക് മണ്ണില്‍ കടന്നുള്ള മിന്നലാക്രമണത്തിലൂടെയും നോട്ട് അസാധുവാക്കലിലൂടെയും എല്ലാ എതിര്‍പ്പുകളെയും മറികടക്കാന്‍ നരേന്ദ്ര മോദിക്ക് സാധിച്ചു. ഒപ്പം ഉത്തര്‍പ്രദേശിലെ വിജയവും മൂന്നാംവര്‍ഷത്തില്‍ എത്തുമ്പോള്‍ മോദിക്ക് കരുത്തായി. സമാജ് വാദി പാര്‍ടിയുമായി ചേര്‍ന്ന് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശില്‍ നടത്തിയ സഖ്യനീക്കം കനത്ത പരാജയത്തില്‍ അവസാനിച്ചു. ഇനി 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് വിജയം കൂടി ലക്ഷ്യംവെക്കുന്ന മോദിയെ എതിര്‍ക്കാന്‍ പ്രതിപക്ഷ ചേരിയില്‍ ആരാകും ഉയര്‍ന്നുവരിക എന്ന് ഇപ്പോഴും വ്യക്തമല്ല.

കര്‍ണാടകം, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ മോദിക്ക് അനുകൂലമാണ്. ഭരണതലത്തിലെ അഴിമതി ഒരുപരിധിവരെ തടയാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. പക്ഷെ, വിലക്കയറ്റം, തൊഴിലില്ലായ്മ ഉള്‍പ്പടെ പരിഹാരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ ഇനിയും ബാക്കിയുണ്ട്. കോടികള്‍ ഒഴുക്കുന്ന സ്വഛഭാരത് പോലുള്ള പദ്ധതികളും വിജയിച്ചിട്ടില്ല. സാധാരണക്കാരുടെ സര്‍ക്കാരായി നില്‍ക്കുമ്പോഴും ഉദാരവത്കരണ നയങ്ങളോട് കൈകോര്‍ക്കുകയാണ് മോദി. എത്രകാലം മോദിക്ക് ഇങ്ങനെ മുന്നോട്ടുപോകാനാകും എന്നതാണ് ചോദ്യം. രാഷ്‌ട്രീയത്തിലെ മാറ്റങ്ങള്‍ പ്രവചനാതീതമാണ്.

click me!