'ഞങ്ങളില്‍ വര്‍ണ്ണവിവേചനം ഉണ്ടായിരുന്നു; ഞങ്ങളത് തിരുത്തും': നാഷണൽ ജ്യോഗ്രഫിക് മാസിക

By Web DeskFirst Published Mar 14, 2018, 4:39 PM IST
Highlights
  • ഞങ്ങളില്‍ വര്‍ണ്ണവിവേചനം ഉണ്ടായിരുന്നു; തെറ്റ് അംഗീകരിച്ച് നാഷണൽ ജ്യോഗ്രഫിക് മാസിക 

മാധ്യമചരിത്രത്തിൽ മാതൃകാപരമായ ഒരു തുടക്കമാണ് നാഷണൽ ജ്യോഗ്രഫിക് മാസിക നടത്തിയത്.  മാസികയുടെ പ്രസാധക ചരിത്രത്തിൽ പറ്റിയ തെറ്റുകൾ ഏറ്റുപറയുകയാണ് എഡിറ്റർ ഇൻ ചീഫായ സൂസൻ ഗോൾഡ്ബർഗ്. നാഷണൽ ജ്യോഗ്രഫിക് മാസികയുടെ പത്രാധിപ‍ർ സ്ഥാനത്തേക്ക് എത്തുന്ന ആദ്യത്തെ വനിതയും ആദ്യ ജൂതയുമാണ് സൂസൻ.

''ഞങ്ങളുടെ പ്രവർത്തനത്തിൽ വര്‍ണ്ണവിവേചനം ഉണ്ടായിരുന്നു. ആ ചരിത്രത്തിനപ്പുറം വളരാൻ ഞങ്ങൾക്ക് തെറ്റ് അംഗീകരിച്ചേ മതിയാകൂ'': സൂസൻ ഗോൾഡ് ബ‍ർഗ്

1888ലാണ് നാഷണൽ ജ്യോഗ്രഫിക് മാസികയുടെ പ്രസിദ്ധീകരണം തുടങ്ങുന്നത്. അന്നുതൊട്ടിന്നോളം മുസ്ലീങ്ങളോട്, ലാറ്റിനമേരിക്കക്കാരോട്, റെഡ് ഇന്ത്യക്കാരോട് അങ്ങനെ വിവിധ ജനവിഭാഗങ്ങളോട് ബോധപ്പൂർവ്വമായും അല്ലാതെയും മാസിക കാണിച്ച വിവേചനം ഏറ്റുപറയുകയാണ് എഡിറ്റർ ഇൻ ചീഫ്.

ഏപ്രിൽ ലക്കത്തിൽ വർണ്ണവിവേചനം മുഖ്യ പ്രമേയമാക്കാനാണ് പത്രാധിപസമിതി തീരുമാനിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ തെറ്റുകൾ തെരയുന്നതിന് പകരം ആദ്യം കടന്നുവന്ന വഴികളിലെ തെറ്റുകൾ ഏറ്റുപറയാൻ അവർ തീരുമാനിച്ചു. സ്വന്തം തെറ്റുകൾ കണ്ടെത്താൻ ചരിത്രകാരൻമാരുടേയും നരവംശ ശാസ്ത്രജ്ഞരുടേയും ഒരു സമിതിയെ അവർ നിയോഗിച്ചു.

1970കൾ വരെ അമേരിക്കയിലെ ആദിമ വിഭാഗങ്ങളെ അപരിഷ്കൃതരായും അസ്വാഭാവിക പ്രകൃതമുള്ളവരായുമാണ് ചിത്രീകരിച്ചതെന്ന് മാസിക സ്വയം വിമർശനപരമായി വിലയിരുത്തി. വെള്ളക്കാരായ അമേരിക്കക്കാരുടെ സംസ്കാരത്തിന് അപ്പുറമുള്ള സംസ്കാരിക പരിസരങ്ങളെ കാര്യമായി തങ്ങൾ പരിഗണിച്ചിരുന്നില്ല. കറുത്ത വർഗ്ഗക്കാരെയും മറ്റ് ഗോത്ര സംസ്കാരങ്ങളെയും സംബന്ധിച്ച് ടാർസൻ സീരീസുകൾ പോലെയുള്ള ജനപ്രിയ പരമ്പരകൾ സൃഷ്ട്രിച്ച വ്യാജ പ്രതിനിധാനങ്ങൾ തിരുത്താൻ തങ്ങൾക്ക് ആകുമായിരുന്നു. പക്ഷേ ചെയ്തില്ല.

1916ൽ തങ്ങൾ പ്രസിദ്ധീകരിച്ച ഒരു ലേഖനം ഇപ്പോൾ വായിച്ചാൽ തരിച്ചിരുന്നുപോകുമെന്ന് എഡിറ്റർ ഇൻ ചീഫ് സൂസൻ ഏറ്റവും പുതിയ ലക്കത്തിൽ എഴുതുന്നു. കറുത്ത വർഗ്ഗക്കാരായ രണ്ട് പേരുടെ ചിത്രങ്ങൾക്ക് കൊടുത്ത അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു.

“ദക്ഷിണാഫ്രിക്കയിലെ കറുമ്പർ, മനുഷ്യവംശത്തിൽ ഏറ്റവും ബുദ്ധി കുറവ് ഈ അപരിഷ്കൃതർക്കാണ്!”

1962ൽ വർണ്ണവെറിയൻമാരായ ദക്ഷിണാഫ്രിക്കൻ പൊലീസ് 69 കറുത്ത വർഗ്ഗക്കാരെ കൂട്ടക്കുരുതി നടത്തിയ സംഭവത്തിന് ശേഷം പുറത്തിറങ്ങിയ നാഷണൽ ജ്യോഗ്രഫിക് മാഗസിൻ ആ സംഭവം പരാമർശിച്ചുകൂടിയില്ല. കറുത്തവരുടെ ശബ്ദങ്ങൾക്ക് ഞങ്ങൾ കാത് കൊടുത്തില്ല. ഞങ്ങളുടെ എഡിറ്റർ‍മാരും ലേഖകരും ഫോട്ടോഗ്രാഫർമാരുമൊന്നും കറുത്തവരെ കണ്ടില്ല.

ഇത്തരത്തിൽ മനുഷ്യരെ വിവേചനപരമായി കാണുന്ന കാര്യത്തിൽ ഇന്നോളം പറ്റിയ തെറ്റുകൾ ഏറ്റവും പുതിയ ലക്കത്തിൽ ഏറ്റുപറയുകയാണ് നാഷണൽ ജിയോഗ്രഫഫിക് മാസികയുടെ മുഖ്യ പത്രാധിപര്‍. ഇനി വരുന്ന കാലത്ത് തന്‍റെ സ്ഥാനത്ത് ഇരിക്കുന്നവർക്ക് ഈ അവസ്ഥ വരില്ലെന്ന് സൂസൻ ഗോൾഡ്ബർഗ് ഉറപ്പിക്കുന്നു.

പുതിയ ലക്കം നാഷണൽ ജ്യോഗ്രഫിക് മാസികയുടെ മുഖലേഖനം മുഖ്യപത്രാധിപര്‍ ഇങ്ങനെയാണ് അവസാനിപ്പിക്കുന്നത്:

“ഭാവിയിലെ പത്രാധിപൻമാർ അഭിമാനത്തോടെ ഞങ്ങളുടെ പ്രസിദ്ധീകരണ പാരമ്പര്യത്തെക്കുറിച്ച് പറയും. ഞങ്ങൾ പ്രസിദ്ധീകരിച്ചത് എന്തെല്ലാമെന്നും എങ്ങനെയെല്ലാം എന്നോർത്ത് മാത്രമല്ല വരാനിരിക്കുന്ന എഡിറ്റർമാർ അഭിമാനിക്കുക. ഞങ്ങളുടെ ഉള്ളടക്കം സൃഷ്ടിച്ച നനാതരം നിറങ്ങളുടേയും ഗോത്രങ്ങളുടേയും വംശങ്ങളുടേയും പ്രതിനിധികളായ റിപ്പോർട്ടർമാരെും എ‍ഡിറ്റർമാരെയും ഫോട്ടോഗ്രാഫർമാരെയും ഓർത്തുകൂടി ആകും”

click me!