മൂന്നാറില്‍ ഹരിത ട്രിബ്യൂണലിന്റെ നിര്‍ണ്ണായക ഇടപെടല്‍; കെട്ടിട അനുമതിക്ക് കര്‍ശന വ്യവസ്ഥകള്‍

By Web DeskFirst Published May 29, 2017, 1:57 PM IST
Highlights

മൂന്നാറിൽ പുതിയ കെട്ടിട നിർമ്മാണങ്ങൾക്കും നിലവിലുള്ളവയുടെ ലൈസൻസ് പുതുക്കുന്നതിനും കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ദേശീയ ഹരിതട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ്. റവന്യൂ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും അനുമതിയില്ലാതെ മൂന്നാറിൽ പുതിയ കെട്ടിടങ്ങൾക്ക് അനുമതി നൽകരുതെന്ന് ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടു. മൂന്നാർ കയ്യേറ്റമൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക നയം രൂപീകരിച്ചതായി സംസ്ഥാനസർക്കാർ ഹരിതട്രൈബ്യൂണലിനെ അറിയിച്ചു.

മൂന്നാർ കയ്യേറ്റമൊഴിപ്പിയ്ക്കലുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ലംഘിച്ച് ഒട്ടേറെ റിസോർട്ടുകൾക്കും ഹോം സ്റ്റേകൾക്കും പഞ്ചായത്ത് എന്‍.ഒ.സി നൽകിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഹരിതട്രൈബ്യൂണൽ ഉത്തരവ്. സംസ്ഥാന സർക്കാരിന് വേണ്ടി ഇടുക്കി ജില്ലാ കലക്ടർ നൽകിയ ഇടക്കാല റിപ്പോർട്ടിലും മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. മൂന്നാറിൽ പുതിയ കെട്ടിടനിർമ്മാണം പൂർണമായും നിരോധിക്കണമെന്ന് കേസിൽ കക്ഷി ചേർന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടെങ്കിലും ട്രൈബ്യൂണൽ ഇത് അംഗീകരിച്ചില്ല. പകരം റവന്യൂ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും അനുമതിയില്ലാതെ പുതിയ കെട്ടിടങ്ങൾ നിർമ്മിയ്ക്കരുതെന്നും നിലവിലുള്ളവയ്ക്ക് ലൈസൻസ് പുതുക്കി നൽകരുതെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടു. 

2010 മുതല്‍ എൻ.ഒ.സി നൽകിയ റിസോർട്ടുകളുടെ വിവരങ്ങൾ സമർപ്പിയ്ക്കാനും മൂന്നാർ പഞ്ചായത്തിനോട് ട്രൈബ്യൂണൽ നിർദേശിച്ചു. ഏലമലക്കാട്ടിൽ മരം മുറിയ്ക്കുന്നത് പൂർണമായും നിരോധിച്ച ട്രൈബ്യൂണൽ ദേവികുളം സബ്കലക്ടറും സെറ്റിൽമെന്‍റ് ഓഫീസറുമായ ശ്രീറാം വെങ്കട്ടരാമനോട് കേസിൽ കക്ഷി ചേരാനും ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാറിന് പ്രത്യേകം നയം തന്നെ സർക്കാർ രൂപീകരിച്ചിട്ടുണ്ടെന്നായിരുന്നു അഡീഷണൽ എ.ജി രഞ്ജിത് തമ്പാൻ ട്രൈബ്യൂണലിനെ അറിയിച്ചത്. കേസ് ഇനി ആഗസ്ത് എട്ടിന് പരിഗണിയ്ക്കും.

click me!