ദേശീയപാത വികസനം; ക്ഷേത്രം സംരക്ഷിക്കാൻ വിശ്വാസികളുടെ നിരാഹാര സമരം

By Web DeskFirst Published May 25, 2018, 8:16 AM IST
Highlights
  • നീലേശ്വരം പള്ളിക്കര പാലരെകീഴിൽ വിഷ്ണുമൂർത്തി ക്ഷേത്ര സംരക്ഷണ സമിതിയാണ് അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങുന്നത്. 

കാസർകോട് :  ദേശീയപാത വികസനത്തിൽ നഷ്ടപ്പെടുന്ന ക്ഷേത്രം സംരക്ഷിക്കാൻ കാസർകോട്  വിശ്വാസികൾ നിരാഹാര സമരം നടത്തുന്നു. നീലേശ്വരം പള്ളിക്കര പാലരെകീഴിൽ വിഷ്ണുമൂർത്തി ക്ഷേത്ര സംരക്ഷണ സമിതിയാണ് അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങുന്നത്. 

നിരാഹാര സമരം 27 ന് രാവിലെ 9. 30 ന് മുൻ എംഎൽഎ കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യുമെന്ന് സമര സമിതി ചെയർമാൻ പി.അമ്പാടി, വൈസ് ചെയർമാൻ രമേശൻ കരുവാച്ചേരി, ജന.കൺവീനർ പി.ദിനേശൻ, ഭാരവാഹികളായ കെ.ഗംഗാധരൻ, ടി.വസന്തകുമാർ, കെ.കൃഷ്ണൻ, പി.പി.സുധാകരൻ എന്നിവർ നീലേശ്വരത്ത് നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.

ഉദ്ഘാടന പരിപാടിയിൽ ഉത്തരമലബാർ തിയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി ചെയർമാൻ രാജൻ പെരിയ പ്രഭാഷണം നടത്തും. സമീപ ക്ഷേത്രങ്ങളുടെ ഭാരവാഹികൾ ഐക്യദാർഢ്യവുമായെത്തും. ദിവസവും രാവിലെ ഒൻപത് മുതൽ അഞ്ച് വരെ ചുരുങ്ങിയത് 100 വിശ്വാസികൾ സത്യാഗ്രഹമിരിക്കും. ജനുവരി 26 മുതൽ 28 വരെ സൂചനാ സമരം നടത്തിയിരുന്നു. 

ദേശീയപാത വികസനം ഉടൻ വേണമെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് ക്ഷേത്രസ്ഥലം അലൈൻമെന്റിൽപ്പെട്ടതെന്നും സമിതി ഭാരവാഹികൾ കുറ്റപ്പെടുത്തി. 23 സെന്റ് സ്ഥലമാണ് ക്ഷേത്രത്തിന് നഷ്ടമാകുന്നത്. ആറ്റിങ്ങലിൽ ക്ഷേത്രം സംരക്ഷിക്കാൻ അലൈൻമെന്റ് മാറ്റിയ അനുഭവമുണ്ടെന്നും പാലരെകീഴിൽ ക്ഷേത്ര വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കാൻ അധികൃതർ ഇടപെടണമെന്നും സമിതി ആവശ്യപ്പെട്ടു.

click me!