
ഇടുക്കി: ഇടുക്കി മൂന്നാർ ട്രൈബ്യൂണലിന് കീഴിലുള്ള വില്ലേജുകളിലെ ഭൂമി പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി ഇന്ന് ദേശീയപാത ഉപരോധിക്കും. അടിമാലിയിൽ രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെയാണ് ഉപരോധസമരം. ഗതാഗത തടസ്സം ഒഴിവാക്കാൻ വാഹനങ്ങൾ വഴിതിരിച്ച് വിടുമെന്ന് പൊലീസ് അറിയിച്ചു.
മൂന്നാർ സ്പെഷ്യൽ ട്രൈബ്യൂണലിന് കീഴിൽ വരുന്ന പള്ളിവാസൽ, ചിന്നക്കനാൽ, കെഡിഎച്ച്പി, ആനവിരട്ടി, വെള്ളത്തൂവൽ തുടങ്ങിയ എട്ട് വില്ലേജുകളിലെ പട്ടയ ഭൂമിയിൽ വീട് നിർമാണത്തിനുൾപ്പെടെയുള്ള തടസ്സങ്ങൾ ഒഴിവാക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. 2010ലെ ഹൈക്കോടതി വിധി അനുസരിച്ച് റവന്യൂ വകുപ്പിന്‍റെ എൻഒസി ലഭിച്ചാൽ പട്ടയ ഭൂമിയിൽ കെട്ടിട നിർമാണം നടത്താം. എന്നാൽ എൻഒസി നൽകാൻ റവന്യൂ വകുപ്പ് തയ്യാറാകുന്നില്ല.
പത്ത് സെന്‍റിൽ കൂടുതൽ സ്ഥലം വാണിജ്യ ആവശ്യത്തിന് ഉപയോഗിച്ചാൽ പട്ടയം റദ്ദ് ചെയ്യുമെന്ന വാദം അംഗീകരിക്കാനാവില്ല. കൃഷിഭൂമിയിൽ നട്ട് വളർത്തിയ മരങ്ങൾ മുറിക്കുന്നതിന് വനംവകുപ്പ് അനുമതി നൽകാത്തത് കൃഷിക്കാരെ പ്രതിസന്ധിയിലാക്കുന്നെന്നും സമരസമിതി ആരോപിച്ചു. സർക്കാരിന് വിവിധ ഘട്ടങ്ങളിലായി പരാതി നൽകിയെങ്കിലും അനുകൂല നടപടി ഇല്ലാത്തതാണ് ദേശീയപാത ഉപരോധിച്ചുള്ള സമരത്തിലേക്ക് നയിച്ചതെന്നും ജനകീയ സമിതി നേതാക്കൾ പറഞ്ഞു.
എട്ട് വില്ലേജുകളിലെയും ജനങ്ങളെ അണിനിരത്തി അടിമാലി ജംഗ്ഷനിൽ കൊച്ചി ധനുഷ്കോടി, അടിമാലി, കുമളി ദേശീയപാതകൾ ഉപരോധിക്കാനാണ് സമരക്കാരുടെ തീരുമാനം. ഗതാഗത തടസ്സം ഒഴിവാക്കാൻ ഇരുന്പുപാലത്തിന് മുൻപ് കല്ലാർകുട്ടി വഴിക്കും മൂന്നാറിൽ നിന്ന് അടിമാലിയ്ക്ക് മുമ്പും വച്ച് വാഹനങ്ങൾ വഴിതിരിച്ച് വിടുമെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam