
ആലപ്പുഴ: ശരീരം തളര്‍ന്ന് സംസാരശേഷി നഷ്ടപ്പെട്ട വയോധികന് വീടൊരുക്കി യുവാക്കളുടെ ജനകീയ കൂട്ടായ്മ 'ഗംഗാധരനും ഒരു വീട്' എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നു. മാന്നാര്‍ ഗ്രാമപഞ്ചായത്തില്‍ കുട്ടമ്പേരൂര്‍ ഹോമിയോ ആശുപത്രി പതിനാറാം വാര്‍ഡില്‍ കോവിലകത്ത് ഗംഗാധരനും കുടുംബത്തിനുമാണ് വീട് നിര്‍മിച്ച് നല്‍കുന്നത്.
നാല് പതിറ്റാണ്ടായി വാസയോഗ്യമല്ലാത്ത വീട്ടില്‍ ഗംഗാധരന്റെയും കുടുംബത്തിന്റെയും താമസം ദുരിതപൂര്‍ണമായിരുന്നു. സിമന്റ് തേയ്ക്കാതെ ഇഷ്ടിക ഉപയോഗിച്ച്് കെട്ടിയുണ്ടാക്കിയ വീടിന്റെ ഭിത്തികള്‍ രണ്ടായി പൊട്ടിയകന്നിരുന്നു. ഉത്തരവും, കഴുക്കോലും, പട്ടികയും ദ്രവിച്ച് ഓടുകള്‍ താഴേക്ക് പതിക്കാവുന്ന അവസ്ഥയില്‍ മേല്‍ക്കൂര തകര്‍ന്നു. ഇതോടെ മരപ്പണി തൊഴിലായി സ്വീകരിച്ച് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തിയിരുന്ന ഗംഗാധരന് വീട്ടില്‍ അന്തിയുറങ്ങാന്‍ പറ്റാത്തായി.
പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗംഗാധരന്റെ ശരീരത്തിന്റെ ഒരുവശം പൂര്‍ണ്ണമായി തളര്‍ന്ന് സംസാരശേഷി നഷ്ടപ്പെട്ടതോടെ നാലംഗ കുടുംബത്തിന്റെ ജീവിതം വഴിമുട്ടി. ഭാര്യ വത്സല വികലാംഗയും നിത്യരോഗിയുമാണ്. ശക്തമായ കാറ്റും മഴയും വരുമ്പോള്‍ ആകെ ഭയപ്പാടിലാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. ഇതിനിടെ മുറ്റത്തെ കിണര്‍ ഭൂമിക്കടിയിലേക്ക് താഴ്ന്നു പോയത് കുടിവെള്ളം ലഭ്യത ഇല്ലാതാക്കി. കുടിവെള്ളത്തിന്റെ ബുദ്ധിമുട്ട് മനസിലാക്കിയ സമീപവാസി നാടിശ്ശേരില്‍ ജോസി പുതിയൊരു കിണര്‍ നിര്‍മിച്ച് നല്‍കിയത് കുടുംബത്തിന് ഒരനുഗ്രഹമായി.
ഗംഗാധരന്റെ ദുരിതപൂര്‍ണമായ ജീവിതം മനസിലാക്കിയ ഒരുപറ്റം യുവാക്കള്‍ സംഘടിച്ച് ഗംഗാധരന് വീട് നിര്‍മിച്ച് നല്‍കുവാന്‍ തയ്യാറായി. വാര്‍ഡ് മെമ്പര്‍ രശ്മി ജി നായര്‍ ചെയര്‍പേഴ്സണും, വി.ആര്‍. ശിവപ്രസാദ് കണ്‍വീനറുമായ ജനകീയ സമിതിയ്ക്ക് രൂപം നല്‍കി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത്, ചെങ്ങന്നൂര്‍ കരുണ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി എന്നിവയുടെ കൈത്താങ്ങും, പിന്‍തുണയും ഉറപ്പാക്കിയതോടെ ഗംഗാധരനും ഒരു വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam